കഴിഞ്ഞ അരനൂറ്റാണ്ട് കാലത്തിലേറെയായി വിഎസിനൊപ്പം അടുത്ത് പ്രവർത്തിക്കാൻ അവസരം കിട്ടിയെന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും സന്തോഷകരമായ കാര്യം. 1970 മുതൽ വിഎസുമായി പരിചയമുണ്ട്. അന്ന് തിരുവനന്തപുരത്ത് നടന്ന എസ്എഫ്ഐയുടെ അഖിലേന്ത്യാ സമ്മേളനത്തിൽ പങ്കെടുക്കാൻ വരുമ്പോഴാണ് വിഎസുമായി ആദ്യമായി അടുത്തിടപഴകുന്നത്. ഞങ്ങളുടെ വീടുകൾ അടുത്തടുത്താണ്.എംവി രാഘവൻ പാർട്ടി നിലപാടിനെതിരെ മുന്നോട്ടുവെച്ച ബദൽ രേഖയ്ക്കെതിരായ പോരാട്ടത്തിൽ ആലപ്പുഴ പാർട്ടിയെ ഒറ്റക്കെട്ടായി 1984ൽ എറണാകുളത്ത് നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിൽ അണിനിരത്താൻ വിഎസിനൊപ്പം ഉണ്ടായിരുന്നു. അന്ന് ബദൽ രേഖയ്ക്കെതിരെ സംസ്ഥാന സമ്മേളനത്തിൽ സംസാരിച്ച എന്നെ വളരെ സ്നേഹത്തോടെയാണ് വിഎസ് പരിഗണിച്ചത്. അന്ന് എംവി രാഘവൻ്റെ ബദൽരേഖയ്ക്കെതിരെ സംസ്ഥാന സെക്രട്ടറിയായിരുന്ന വിഎസിൻ്റെ നേതൃത്വത്തിലാണ് പാർട്ടി പോരാടിയത്. അന്ന് എംവിരാഘവൻ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമാണ്. ബദൽരേഖ പാർട്ടി സംസ്ഥാന സമ്മേളനവും അഖിലേന്ത്യാ സമ്മേളനവും തള്ളിക്കളഞ്ഞു. എംവി രാഘവനെ പുറത്താക്കിയതിന് ശേഷം നടന്ന 1987ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നു. സാമുദായിക കക്ഷികളുടെ പിൻബലമില്ലാതെ മത്സരിച്ചാൽ വോട്ടുകിട്ടില്ല, ഭരണം കിട്ടില്ല എന്നൊക്കെയുള്ള ബദൽ രേഖനിലപാടുകളെ കൂടിയാണ് ആ തിരഞ്ഞെടുപ്പിൽ ബഹുജനങ്ങൾ തള്ളിക്കളഞ്ഞത്. ഈ നിലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വർഗരാഷ്ട്രീയ നിലപാടുകൾ ഉയർത്തിപ്പിടിച്ച് വർഗ്ഗീയ നിലപാടുകൾക്കും സാമൂദായിക പ്രീണനങ്ങൾക്കുമെതിരെ പോരാട്ടം നയിച്ച കരുത്തനായ കമ്മ്യൂണിസ്റ്റ് നേതാവുകൂടിയാണ് വിഎസ് അച്യുതാനന്ദൻ.അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിൽ നിന്നും ഇറങ്ങിപ്പോന്ന് സിപിഐഎം ഉണ്ടാക്കിയ 32 സഖാക്കളിൽ ഇന്നും ജീവനോടെയുള്ള ഏകനേതാവ് വിഎസ് അച്യുതാനന്ദൻ മാത്രമാണ്. സിപിഐഎം രൂപീകരിക്കുമ്പോൾ അതിൻ്റെ അഖിലേന്ത്യാ നേതൃനിരയിലുണ്ടായിരുന്ന വിഎസിൻ്റെ 101-ാം പിറന്നാളിന് അതിനാൽ തന്നെ വലിയ ചരിത്രപ്രാധാന്യം കൂടിയുണ്ട്. സിപിഐഎം രൂപീകരിക്കുന്നിത് അസ്ഥിവാരമിട്ട പ്രവർത്തനത്തിൽ ദേശീയ തലത്തിൽ തന്നെ വിഎസ് ഉണ്ടായിരുന്നു. സിപിഐഎമ്മിൻ്റെ സംസ്ഥാന സെക്രട്ടറി, പാർട്ടിയുടെ പൊളിറ്റ്ബ്യൂറോ അംഗം, കേരളത്തിൻ്റെ മുഖ്യമന്ത്രി തുടങ്ങിയ ചുമതലകളും ഇക്കാലയളവിൽ അദ്ദേഹം നിർവ്വഹിച്ചു. രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ആദ്യത്തെ പത്ത് നേതാക്കളെയെടുത്താൽ അതിലൊരാളാണ് വിഎസ് എന്ന് നിസംശയം പറയാം. ഈയൊരു കാലഘട്ടത്തിൽ വിഎസിനോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചുവെന്നത് തന്നെ വലിയൊരു അംഗീകാരമായി കാണുന്നയാളാണ് ഞാൻ
സിപിഐഎമ്മിലെ ഉൾപാർട്ടി സമരത്തിൽ ഒരുഘട്ടത്തിൽ വിഎസിനോട് വിയോജിച്ച് നിലപാടെടുത്തയാളാണ് ഞാൻ. അന്ന് ഞങ്ങളൊന്നും വിഎസിനെതിരായിരുന്നില്ല, പക്ഷെ പാർട്ടി നിലപാടിനൊപ്പം ഉറച്ചു നിന്നു. എന്നാൽ വിഎസ് വ്യക്തിപരമായി അകൽച്ചയൊന്നും കാണിച്ചിരുന്നില്ല. 2006ൽ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ ആ മന്ത്രിസഭയിൽ പ്രധാനപ്പെട്ട വകുപ്പുകൾ എന്നെ ഏൽപ്പിച്ചു തരുന്നത് വിഎസിൻ്റെ കൂടി താൽപ്പര്യത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു. അഞ്ച് വർഷം അദ്ദേഹത്തിൻ്റെ കീഴിൽ മന്ത്രിയായി സുഗമമായി പ്രവർത്തിക്കാൻ സാധിച്ചു. പിന്നീട് 2016ൽ ഞാൻ പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ അംഗമായിരിക്കെ വിഎസ് ഭരണപരിഷ്കാര കമ്മീഷൻ്റെ ചെയർമാനായിരുന്നു. നിയമസഭ നടക്കുമ്പോൾ വിഎസിന്റെ തൊട്ടടുത്തു മുൻനിരയിലയിരുന്നു എന്റെ ഇരിപ്പിടം. വിഎസിന് വേണ്ട പേപ്പറുകൾ എടുത്ത് കൊടുക്കാനും മറ്റു സഹായങ്ങൾ ചെയ്തു കൊടുക്കാനും ഒരു സഹായിപ്പോലെ ഞാൻ സഭയിൽ കൂടെയുണ്ടായിരുന്നു. എൻ്റെ പൊതുജീവിതത്തിൻ്റെ തുടക്കം മുതൽ അദ്ദേഹം പൊതുജീവിതത്തിൽ നിന്ന് പിന്മാറി വിശ്രമജീവിതത്തിലേയ്ക്ക് പോകുന്നത് വരെ ഏറ്റവും അടുത്ത് നിന്ന് പ്രവർത്തിക്കാൻ എനിക്ക് അവസരം കിട്ടിയിരുന്നു. രാജ്യത്തെ ഏറ്റവും മഹാനായ കമ്യൂണിസ്റ്റിനൊപ്പം പ്രവർത്തിക്കാനും ചേർന്ന് നിൽക്കാനും അവസരം കിട്ടിയത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കാണുകയാണ്. 101-ാം പിറന്നാൾ ആഘോഷിക്കുന്ന വിഎസ് എന്ന ഏറ്റവും മഹാനായ കമ്മ്യൂണിസ്റ്റ് നേതാവിന് ആശംസകൾ….