പവറായി സ്വർണം; പവൻ വീണ്ടും 55,000 രൂപ ഭേദിച്ചു, ഗ്രാം വില പുത്തൻ റെക്കോർഡിലേക്ക് 5 രൂപ മാത്രം അകലെ...

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. കഴിഞ്ഞ മൂന്നുദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണ വില പവന് 480 രൂപ കൂടി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 55,080 രൂപയാണ്. ഗ്രാമിന് 60 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6885 രൂപയാണ്. ഒരു ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം സ്വര്‍ണവില 55,000 കടന്നിരുന്നു. ഈ മാസം ഇത് രണ്ടാം തവണയാണ് പവന്‍ വില 55,000 രൂപ കടക്കുന്നത്. കഴിഞ്ഞ ദിവസം യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതോടെ സ്വർണവില വർദ്ധിക്കുമെന്ന് നിരീക്ഷണങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച സംസ്ഥാനത്ത് സ്വർണത്തിന് വിലകൂടിയിരിക്കുന്നത്.

അനിശ്ചിതത്വം നിറഞ്ഞ സാമ്പത്തിക സാഹചര്യങ്ങളിലെ ഏറ്റവും സുരക്ഷിതവും ജനപ്രിയവുമായ നിക്ഷേപം എന്ന നിലയിലാണ് സ്വർണം പരി​ഗണിക്കപ്പെടുന്നത്. ഈ സാഹചര്യത്തിലായിരുന്നു പലിശ നിരക്ക് കുറച്ച യുഎസ് ഫെഡ‍റൽ റിസർവിൻ്റെ തീരുമാനം സ്വർണവില വർദ്ധിക്കാൻ കാരണമാകുമെന്ന് നിരീക്ഷക്കപ്പെട്ടത്. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് ഇന്നലെ കുറച്ചിരുന്നെങ്കിലും സംസ്ഥാനത്തെ സ്വര്‍ണവിപണിയിൽ ഇന്നലെ അതിൻ്റെ പ്രതിഫലനം കാണാന്‍ സാധിച്ചിരുന്നില്ല. സ്വര്‍ണവില വര്‍ദ്ധിക്കുമെന്ന് സാമ്പത്തിക വിദഗ്ദരുടെ പ്രവചനം ഇന്നാണ് സംസ്ഥാനത്തെ സ്വർണ വിപണയിൽ പ്രകടമായത്. അതേസമയം ഇസ്രയേലും ഹിസ്ബുല്ലയും തമ്മിലെ സംഘര്‍ഷവും സ്വര്‍ണ വില വർദ്ധിക്കാൻ ഘടകമായെന്ന് നിരീക്ഷണങ്ങളുണ്ട്.

നാലുവര്‍ഷത്തിനു ശേഷമാണ് ഇന്നലെ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കുന്നത്. കോവിഡിനു ശേഷം ആദ്യമായാണ് അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കുറയ്ക്കുന്നത്. നേരത്തെ വിലക്കയറ്റത്തെ തുടര്‍ന്ന് പലിശനിരക്ക് റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു. അരശതമാനത്തിന്റെ കുറവാണ് നിലവില്‍ വരുത്തിയിരിക്കുന്നത്. ബെഞ്ച്മാര്‍ക്ക് നിരക്ക് 4.75 ശതമാനത്തിനും 5 ശതമാനത്തിനും ഇടയില്‍ കുറയ്ക്കുന്നതിന് അനുകൂലമായ തീരുമാനം നാലുവര്‍ഷത്തിന് ശേഷമാണ് സ്വീകരിച്ചത്.2022 മാര്‍ച്ചില്‍ 11ന് നിരക്ക് വര്‍ദ്ധന ഏര്‍പ്പെടുത്തിയതിന് ശേഷം, പണപ്പെരുപ്പം നിയന്ത്രണവിധേയമായതിനെ തുടര്‍ന്നാണ് പലിശനിരക്ക് കുറച്ചത്. കടം വാങ്ങുന്നതിനുള്ള ചെലവ് കുറയുന്നത് ഉപഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍. സാമ്പത്തിക മേഖല ഉത്തേജിപ്പിക്കാനുള്ള തീരുമാനമെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പലിശ നിരക്ക് കുറച്ചിരിക്കുന്നത്. പണപ്പെരുപ്പം രണ്ട് ശതമാനത്തിലേക്ക് കുറയുന്നത് കണക്കിലെടുത്താണ്തീരുമാനമെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പലിശ നിരക്ക് കുറച്ചിരിക്കുന്നത്. പണപ്പെരുപ്പം രണ്ട് ശതമാനത്തിലേക്ക് കുറയുന്നത് കണക്കിലെടുത്താണ് തീരുമാനമെന്നും ഫെഡറല്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ കുറഞ്ഞ നിരക്കുകള്‍ തൊഴില്‍ മേഖലകളിലെ പുതിയ നിയമനങ്ങളുടെ വേഗം വര്‍ധിപ്പിക്കുമെന്നും തൊഴിലില്ലായ്മ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഫെഡറല്‍ റിസര്‍വിന്റെ പ്രതീക്ഷ. പണപ്പെരുപ്പത്തിന്റെയും തൊഴില്‍ വളര്‍ച്ചയുടെയും ദിശയെ ആശ്രയിച്ച് വരും മാസങ്ങളിലും നിരക്ക് കുറയ്ക്കാന്‍ അമേരിക്കൻ കേന്ദ്രബാങ്കിന് പദ്ധതിയുണ്ട്. പലിശ നിരക്ക് ഇനിയും കുറയുന്ന സാഹചര്യമുണ്ടായാൽ സുരക്ഷിത നിക്ഷേപമായ സ്വർണത്തിൻ്റെ വില ഇനിയും വർദ്ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്