‘എന്ത് പോക്കാണ് പൊന്നേ ….’; സംസ്ഥാനത്ത് കുതിച്ച് സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. കഴിഞ്ഞ ദിവസം പുതിയ ഉയരം കുറിച്ച സ്വര്‍ണവില ഇന്നും ഉയര്‍ന്നു. 160 രൂപ വര്‍ധിച്ച് 55,840 രൂപയായാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഉയര്‍ന്നത്. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 6980 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.രാജ്യാന്തര വിപണിയിൽ ഔൺസിന് 2,600 ഡോളറിന് മുകളിലേക്കെത്തിയതോടെ ഇന്ത്യൻ വിപണിയിലും സ്വർണ വില കുതിച്ചു. ബജറ്റിൽ കസ്റ്റംസ് ഡ്യൂട്ടി കുറച്ചതിന് ശേഷം കുറഞ്ഞുനിന്ന സ്വർണ വില യു എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതോടെ വീണ്ടും കുതിപ്പിലാണ്.

ഈ മാസം ഇതുവരെ ഒരു പവന് കൂടിയത് 2,480 രൂപയാണ്. 10 ശതമാനം പണിക്കൂലിയുള്ള ഒരു പവൻ സ്വർണം ആഭരണ രൂപത്തിൽ ലഭിക്കാൻ 3 ശതമാനം ജി എസ് ടിയും ചേർത്ത് 63,000 രൂപയ്ക്ക് മുകളിൽ നൽകണം. ഇന്ന് ലാഭമെടുപ്പ് കൂടിയാൽ വില അൽപം കുറഞ്ഞേക്കുമെന്ന് വിദഗ്ധർ പറയുന്നു.