കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതോടെ കുറച്ചു ദിവസങ്ങളായി സ്വര്‍ണവില കുതിച്ചുയരുകയായിരുന്നു. അനിശ്ചിതത്വം നിറഞ്ഞ സാമ്പത്തിക സാഹചര്യങ്ങളിലെ ഏറ്റവും സുരക്ഷിതവും ജനപ്രിയവുമായ നിക്ഷേപം എന്ന നിലയിലാണ് സ്വര്‍ണം പരിഗണിക്കപ്പെടുന്നത്. ഈ സാഹചര്യത്തിലായിരുന്നു പലിശ നിരക്ക് കുറച്ച യുഎസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമാകുമെന്ന് നിരീക്ഷിക്കപ്പെട്ടത്. കൊവിഡിനു ശേഷം ആദ്യമായാണ് അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കുറയ്ക്കുന്നത്. നേരത്തെ വിലക്കയറ്റത്തെ തുടര്‍ന്ന് പലിശനിരക്ക് റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു. അരശതമാനത്തിന്റെ കുറവാണ് നിലവില്‍ വരുത്തിയിരിക്കുന്നത്. ബെഞ്ച്മാര്‍ക്ക് നിരക്ക് 4.75 ശതമാനത്തിനും 5 ശതമാനത്തിനും ഇടയില്‍ കുറയ്ക്കുന്നതിന് അനുകൂലമായ തീരുമാനം നാലുവര്‍ഷത്തിന് ശേഷമാണ് സ്വീകരിച്ചത്.2022 മാര്‍ച്ചില്‍ 11ന് നിരക്ക് വര്‍ധന ഏര്‍പ്പെടുത്തിയതിന് ശേഷം, പണപ്പെരുപ്പം നിയന്ത്രണവിധേയമായതിനെ തുടര്‍ന്നാണ് പലിശനിരക്ക് കുറച്ചത്. കടം വാങ്ങുന്നതിനുള്ള ചെലവ് കുറയുന്നത് ഉപഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍. സാമ്പത്തിക മേഖല ഉത്തേജിപ്പിക്കാനുള്ള തീരുമാനമെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പലിശ നിരക്ക് കുറച്ചിരിക്കുന്നത്. പണപ്പെരുപ്പം രണ്ട് ശതമാനത്തിലേക്ക് കുറയുന്നത് കണക്കിലെടുത്താണ് തീരുമാനമെന്നും ഫെഡറല്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ കുറഞ്ഞ നിരക്കുകള്‍ തൊഴില്‍ മേഖലകളിലെ പുതിയ നിയമനങ്ങളുടെ വേഗം വര്‍ധിപ്പിക്കുമെന്നും തൊഴിലില്ലായ്മ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഫെഡറല്‍ റിസര്‍വിന്റെ പ്രതീക്ഷ.