കൊല്ലം: പാചകവാതക സിലിണ്ടർ ചോര്‍ന്നതറിയാതെ അടുക്കളയിലെ സ്വിച്ചിട്ടതിനെ തുടര്‍ന്ന് തീ ആളിപ്പടര്‍ന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. മയ്യനാട് കാരിക്കുഴി സുചിത്രമുക്ക് പള്ളിപ്പുരയഴികം വീട്ടില്‍ എന്‍.രത്‌നമ്മ(74)യാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. ചായ ഉണ്ടാക്കാന്‍ അടുക്കളയില്‍ എത്തിയ ഇവര്‍ ലൈറ്റിന്റെ സ്വിച്ചിട്ടപ്പോള്‍ മുറിക്കുള്ളില്‍ തങ്ങിനിന്ന വാതകത്തിന് തീപിടിക്കുകയായിരുന്നു.
ഉടന്‍തന്നെ പാലത്തറയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമികചികിത്സ നല്‍കി. 50 ശതമാനത്തിലേറെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച അര്‍ധരാത്രിയോടെ മരണം സംഭവിച്ചു.
ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത് തെളിവെടുപ്പ് നടത്തുമെന്ന് ഇരവിപുരം പോലീസ് പറഞ്ഞു. പാചകവാതക സിലിണ്ടർ വിതരണം ചെയ്യുന്ന കമ്പനി അധികൃതരും പരിശോധന നടത്തും. ഇരവിപുരം പോലീസ് കേസെടുത്തു.