സിപിഐഎമ്മിൻ്റെ 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സമ്മേളന കാലയളവിലാണ് സീതാറാം യെച്ചൂരി വിടവാങ്ങിയിരിക്കുന്നത്. സാമ്പത്തിക ശാസ്ത്രം, ചരിത്രം, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം എന്നിവയിൽ വലിയ അവഗാഹമുള്ള നേതാവായാണ് സീതാറം യെച്ചൂരി പരിഗണിക്കപ്പെടുന്നത്.എസ്എഫ്ഐയിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ യെച്ചൂരി വിദ്യാഭ്യാസ കാലത്ത് തന്നെ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് സൈദ്ധാന്തികൻ എന്ന നിലയിൽ ശ്രദ്ധ നേടിയിരുന്നു. 1974-ൽ സ്റ്റുഡൻ്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ)യിൽ ചേർന്ന യെച്ചൂരി തൊട്ടടുത്ത വർഷം സിപിഐഎം അംഗമായി. ഒരു വർഷത്തിനുശേഷം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) (സിപിഐ (എം)) യിൽ ചേർന്നു.1975-ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്ന് സീതാറാം അറസ്റ്റിലായിരുന്നു. പിന്നീടുള്ള ആറുമാസം ഒളിവിലായിരുന്നു യെച്ചൂരിയുടെ പ്രവർത്തനം. ഇതോടെ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായും യെച്ചൂരി മാറി. യെച്ചൂരിയുടെ വിയോഗം രാജ്യത്തിന് തീരാനഷ്ടമാണെന്ന് രാഷ്ട്രീയ രംഗത്തെ പ്രമുഖർ പ്രതികരിച്ചു.