ഡ്രെെവിംഗ് ലെെസൻസ് പുതിയത് ലഭിക്കാൻ പല പ്രശ്നങ്ങൾ നേരിടുന്നുവെന്ന പരാതികൾ പരിഹരിക്കാൻ ഡിജിറ്റൽ ലെെസൻസുകൾ ആവിഷ്കരിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ. കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ ആരംഭിച്ച ശീതികരിച്ച വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കരാറെടുത്ത ഇന്ത്യൻ ടെലഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡിന് 15 കോടി രൂപ കുടിശ്ശികയായതോടെ ലെെസൻസ്, ആർസി എന്നിവയുടെ അച്ചടി മന്ദഗതിയിലാണ്. ജൂലായ് മുതലുള്ള അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. ഇതിന് ശാശ്വത പോംവഴിയായിട്ടാണ് ഗതാഗത കമ്മീഷണർ സി എച്ച് നാഗരാജു ഡ്രെെവിംഗ് ലെെസൻസ് പൂർണമായും ഡിജിറ്റലാക്കാനുള്ള ശുപാർശ ഗതാഗത മന്ത്രിക്ക് സമർപ്പിച്ചത്.ചിത്രവും ക്യു ആർ കോഡുമുള്ള ഡ്രെെവിംഗ് ലെെസൻസ് മൊബെെലുകളിലേക്ക് ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന സംവിധാനത്തിനാണ് പദ്ധതിയിടുന്നത്. അത് മൊബെെലിൽ കാണിച്ചാൽ പരിശോധിക്കുന്ന ഉദ്യോഗസ്ഥർ സ്വീകരിക്കും. കാർഡ് അച്ചടിക്കുന്നതിനും അയക്കാനുള്ള തപാൽക്കൂലിയിനത്തിലും വാങ്ങുന്ന 100 രൂപ കുറച്ചായിരിക്കും ഇനി ഡ്രെെവിംഗ് ഫീസ് ഈടാക്കുക. ഡിജിറ്റലാക്കിയാൽ അനാവശ്യ ചെലവും ലെെസൻസിനായുള്ള കാത്തിരിപ്പും ഒഴിവാക്കാനാവും. ഡ്രെെവിംഗ് ടെസ്റ്റ് പാസാകുന്ന ദിവസം തന്നെ ഡിജിറ്റൽ ലെെസൻസും നൽകാൻ കഴിയുന്നതാണ്.ഡ്രെെവിംഗ് പരീക്ഷ പാസായി അത് ഔദ്യോഗികമായി രേഖപ്പെടുത്തുന്നതോടെ ലെെസൻസ് മൊബെെലിൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. മൊബെെൽ നഷ്ടപ്പെട്ടാൽ മറ്റൊരു ഫോണിലും ഇതുചെയ്യാൻ സാധിക്കും. അച്ചടി കാർഡ് രൂപത്തിലുള്ള ഡ്രെെവിംഗ് ലെെസൻസ് തന്നെ വേണമെന്ന് നിർബന്ധിക്കാൻ പാടില്ലെന്ന് നിയമത്തിൽ അനുശാസിക്കുന്നത് കണക്കിലെടുത്താണ് ഡിജിറ്റൽ ലെെസൻസ് ഒരുക്കുന്നത്. ഇത് പരിശോധിക്കുന്ന ഉദ്യോഗസ്ഥർക്ക് വ്യാജനെ തിരിച്ചറിയാൻ സൗകര്യമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.