ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം.

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം. രാവിലെ 9.30ന് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുന്നത്. ഗൗതം ഗംഭീറിന്റെ പരിശീലക കരിയറിലെ ആദ്യ ടെസ്റ്റ് മത്സരമാണിത്. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്ക് വിജയത്തോടെ തുടക്കമിടുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുടീമുകളും ഇറങ്ങുന്നത്. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ഇന്ത്യയ്ക്ക് ലീഡുയര്‍ത്താനുള്ള സുവര്‍ണാവസരമാണിത്. അതേസമയം പാകിസ്താനെതിരെ ചരിത്രത്തില്‍ ആദ്യമായി ടെസ്റ്റ് പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് ഇന്ത്യയിലെത്തിയിരിക്കുന്നത്.


ആറ് മാസത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ടെസ്റ്റ് മത്സരത്തിന് ഇറങ്ങുന്നത്. ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ ഇതുവരെ പരാജയപ്പെട്ടിട്ടില്ലെന്ന ആത്മവിശ്വാസത്തിലാണ് രോഹിത്തും സംഘവും. കഴിഞ്ഞ 13 ടെസ്റ്റ് മത്സരങ്ങളില്‍ 11 എണ്ണത്തിലും ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ട് മത്സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു. അതേസമയം പുതിയ ബംഗ്ലാദേശിനെ നിസ്സാരമായി കാണാന്‍ ഇന്ത്യ തയ്യാറാവില്ല.പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയില്‍ ചരിത്രവിജയം കൊയ്തതിന്റെ ആത്മവിശ്വാസത്തിലാണ് നജ്മുല്‍ ഹുസൈന്‍ ഷാന്റോ നയിക്കുന്ന ബംഗ്ലാദേശ്. പാകിസ്താന്റെ തട്ടകത്തില്‍ നടന്ന രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര തൂത്തൂവാരിയാണ് ബംഗ്ലാദേശിന്റെ വരവ്. ഇന്ത്യയ്‌ക്കെതിരെ ആദ്യ ടെസ്റ്റ് വിജയം നേടി ചരിത്രം തിരുത്തുകയെന്ന ഉറച്ച ലക്ഷ്യമായിരിക്കും ബംഗ്ലാദേശിനുള്ളത്