ഷിരൂർ തെരച്ചിലിൽ നിര്‍ണായക നിമിഷങ്ങള്‍; പുഴയിൽ കൂടുതൽ വാഹനങ്ങള്‍? മറ്റൊരു വാഹനത്തിന്‍റെ ഭാഗവും കണ്ടെത്തി

ബെംഗളൂരു: ഷിരൂരിൽ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിൽ നിര്‍ണായക ഘട്ടത്തിലേക്ക് കടന്നു. ഈശ്വര്‍ മല്‍പെ ഗംഗാവലി പുഴയിലിറങ്ങി നടത്തിയ പരിശോധനയിൽ അര്‍ജുന്‍റെ ലോറിയുടെ ഭാഗങ്ങളെന്ന് സംശയിക്കുന്ന ടയറുകളും സ്റ്റിയറിങും ഉള്‍പ്പെടെ കണ്ടെത്തിയതിന് പുറമെ മറ്റൊരു ഭാഗത്ത് വെറൊരു വാഹനത്തിന്‍റെ ഭാഗങ്ങളും കണ്ടെത്തി. മറ്റൊരു വാഹനത്തിന്‍റെ ഭാഗങ്ങള്‍ കൂടി തെരച്ചിലിൽ കണ്ടെത്തിയിട്ടുണ്ടെന്നും പുറത്തേക്ക് എടുത്താലെ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളുവെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു. ലോറിയുടെ ടയറുകളും ക്ലച്ചും സ്റ്റിയറിങും, ആക്സിലേറ്ററും ഉള്‍പ്പെടെ കണ്ടെത്താനായിട്ടുണ്ട്.ഇതിന് പുറമെയാണ് മറ്റൊരു വാഹനത്തിന്‍റെ ക്യാബിൻ എന്ന് തോന്നിക്കുന്ന ഭാഗവും കണ്ടെത്തിയത്. എന്നാല്‍, പുഴയിൽ അര്‍ജുന്‍റെ ലോറി മാത്രമാണ് കാണാതായതെന്നായിരുന്നു ഇതുവരെയുള്ള നിഗമനം. മറ്റൊരു വാഹനത്തിന്‍റെ ഭാഗം കൂടി കണ്ടെത്തിയതെന്ന വിവരം തെരച്ചിലിൽ ആശയക്കുഴപ്പിത്തിനിടയാക്കിയിട്ടുണ്ടെങ്കിലും യന്ത്രഭാഗങ്ങള്‍ പുറത്തെടുക്കുന്നതോടെ ഇതിലും വ്യക്തത വരുമെന്നാണ് അധികൃതര്‍ പറയുന്നത്.

കണ്ടെത്തിയ ഭാഗങ്ങള്‍ കെട്ടിവലിച്ച് പുറത്തേക്ക് കൊണ്ടുവരാനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ലോറി പുറത്തെടുക്കാൻ ക്രെയിൻ ഉള്‍പ്പെടെ ഉപയോഗിച്ചുള്ള ദൗത്യമാണ് ഇനി നടത്തേണ്ടത്. കൂടുതല്‍ മുങ്ങല്‍ വിദഗ്ധരെ എത്തിച്ച് പരിശോധന ഊര്‍ജിതമാക്കിയാല്‍ നിര്‍ണായക വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് അര്‍ജുന്‍റെ കുടുംബവും പറയുന്നത്. നേരത്തെ മാര്‍ക്ക് ചെയ്ത സ്ഥലത്തിന് 30 മീറ്റര്‍ അകലെയാണ് ലോറിയുടെ ഭാഗം കണ്ടെത്തിയത്.രണ്ടു സ്ഥലങ്ങളിലായി രണ്ടു ഭാഗങ്ങള്‍ കണ്ടെത്തിയതിൽ കൂടുതല്‍ പരിശോധന നടത്തിയാലെ കാര്യങ്ങള്‍ സ്ഥിരീകരിക്കാനാകുവെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം, പുഴയില്‍ മറ്റു വാഹനങ്ങള്‍ ഉണ്ടാകാമെന്ന നേരത്തെയുള്ള അനുമാനം ശരിയായിരിക്കുകയാണെന്നും കൂടുതല്‍ തെരച്ചിൽ ആവശ്യമാണെന്നും ലോറി പുറത്തെടുത്താലെ അര്‍ജുന്‍റേത് തന്നെയാണോ എന്ന് പറയാനാകുവെന്നും ലോറി ഉടമ മനാഫ് പറഞ്ഞു. ക്രെയിനിൽ കെട്ടിയ ഇരുമ്പ് വടം ഉപയോഗിച്ച് ഉയര്‍ത്താനാണ് ഇപ്പോഴത്തെ ശ്രമം. വടം കെട്ടി ലോറിയുടെ ഭാഗങ്ങള്‍ ഉയര്‍ത്തുന്നതിനായി ഈശ്വര്‍ മല്‍പെ പുഴയിലിറങ്ങിയിട്ടുണ്ട്.