തൃശൂര്‍ എടിഎം കവര്‍ച്ച: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

തൃശൂര്‍ എടിഎം കവര്‍ച്ച കേസില്‍ പിടിയിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തമിഴ്‌നാട് പൊലീസാണ് കവര്‍ച്ച സംഘത്തെ പിടികൂടിയത്. നാമക്കല്‍ മജിസ്‌ട്രേറ്റിന് മുന്നിലായിരിക്കും പ്രതികളെ ഹാജരാക്കുക. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താനും നീക്കമുണ്ട്. പ്രതികളെ വിട്ടു കിട്ടുന്നതിനുവേണ്ടി കോടതിയില്‍ പ്രൊഡക്ഷന്‍ വാറന്റ് സമര്‍പ്പിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു.തൃശൂര്‍ ടൗണ്‍ ഈസ്റ്റ്, ഇരിഞ്ഞാലക്കുട പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ ഇന്ന് പുലര്‍ച്ചവരെ പ്രതികളെ ചോദ്യം ചെയ്തിരുന്നു. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് പ്രതികളില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ തമിഴ്‌നാട്ടില്‍ ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചു. ഈ സാഹചര്യത്തില്‍ പ്രതികളെ കേരളത്തിലേക്ക് മാറ്റാന്‍ വൈകുമെന്നാണ് വിവരം.തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ എടിഎം കവര്‍ച്ചക്ക് പിന്നിലും ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളിലെ എടിഎം കവര്‍ച്ചയ്ക്ക് പിന്നിലും ഈ പ്രതികള്‍ പ്രവര്‍ത്തിച്ചതായി സംശയമുണ്ട്.

തൃശൂരില്‍ എടിഎം കവര്‍ച്ച നടത്താന്‍ി പ്രതികള്‍ കേരളത്തില്‍ എത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജുമാനിദ്ദീന്റെ പേരിലാണ് മോഷണത്തിന് ഉപയോഗിച്ച ലോറിയെന്ന് പൊലീസ് കണ്ടെത്തി. വെടിയേറ്റ് ചികിത്സയിലുള്ള പ്രതി അസര്‍ അലിയുടേതാണ് കാര്‍.