അച്ഛന്‍റെ മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടു നല്‍കരുത്; എം എം ലോറന്‍സിന്റെ മകള്‍ ഹൈക്കോടതിയില്‍

കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കുന്നതിനെതിരെ മകള്‍ ആശാ ലോറന്‍സ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആശാ ലോറന്‍സ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. മൃതദേഹം പള്ളിയില്‍ സംസ്‌കരിക്കാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്നും ആശ ആവശ്യപ്പെട്ടു.
ഇന്ന് വൈകീട്ട് നാല് മണിക്ക് എം എം ലോറന്‍സിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിന് കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ മൃതദേഹം എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. ഇതിനിടെയാണ് ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറണമെന്ന കാര്യം പിതാവ് തങ്ങളോട് പറഞ്ഞിട്ടില്ലെന്നാണ് ആശാ ലോറന്‍സിന്റെ ആരോപണം. തനിക്ക് ഇതേപ്പറ്റി അറിയില്ലെന്നും ഇങ്ങനെ ഒരു കാര്യത്തിന് എല്ലാ മക്കളുടേയും സമ്മതം ആവശ്യമാണെന്നും ആശ പറയുന്നു. മൃതദേഹം മെഡിക്കല്‍ കോളേജില്‍ വൈദ്യപഠനത്തിന് നല്‍കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും കോടതി ഇടപെട്ട് ഇത് തടയണമെന്നും ആശാ ലോറന്‍സ് ആവശ്യപ്പെടുന്നു.