അർജുനെ കാണാതായിട്ട് എഴുപത് ദിവസം പിന്നിടുന്നു; ഷിരൂരിൽ കാലാവസ്ഥ വെല്ലുവിളി, ഇന്ന് റെഡ് അലർട്ട്

ഷിരൂരിൽ മണ്ണിടിച്ചിലിൽ അർജുനെ കാണാതായിട്ട് ഇന്ന് എഴുപത് ദിവസം പിന്നിടുന്നു. അർജുന് വേണ്ടിയുള്ള തെരച്ചിലിന്റെ മൂന്നാംഘട്ടത്തിലെ അഞ്ചാം ദിവസമായ ഇന്ന് ഷിരൂർ അടങ്ങുന്ന ഉത്തര കന്നഡ ജില്ലയിൽ റെഡ് അലർട്ടാണ്. കാലാവസ്ഥ കൂടി പരിഗണിച്ച് മാത്രമേ ഇന്ന് ഡ്രഡ്ജിംഗും തെരച്ചിലും നടത്തൂ. ഗംഗാവലി പുഴയുടെ തീരമേഖലയിലടക്കം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മഴ കനത്താൽ പുഴയുടെ ഒഴുക്ക് കൂടുകയും കലങ്ങുകയും ചെയ്യുന്നത് ഡ്രഡ്ജിംഗിനും ഡൈവർമാർക്ക് ഇറങ്ങുന്നതിനും തടസ്സമാണ്. ഇപ്പോഴും മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്ന പ്രദേശമായതിനാൽ മണ്ണിടിഞ്ഞ കരയുടെ ഭാഗത്ത് ആളുകൾക്ക് പ്രവേശനം നിയന്ത്രിച്ചേക്കും.ഇന്നലെ നടത്തിയ തെരച്ചിലിൽ അർജുന്റെ ലോറിയുടെ പിന്നിലെ ലൈറ്റ് റിഫള്ക്ടർ കണ്ടെത്തിയത് വഴിത്തിരിവാണ്. തെരച്ചിൽ അവസാനിപ്പിക്കില്ലെന്നും മഴ കണക്കിലെടുത്ത് താത്കാലികമായി നിർത്തുകയാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.