അങ്ങനെ പവനായി ശവമായി...' നാടോടിക്കാറ്റിലെ തിലകന്റെ അനന്തൻ നമ്പ്യാർ ഈ ഡയലോഗ് പറഞ്ഞപ്പോൾ മലയാളികൾ ഒന്നടങ്കം ചിരിച്ചു, ഇന്നും ചിരിക്കുന്നു. വന്നിറങ്ങുമ്പോൾ മുതൽ ടവറിന് മുകളിൽ നിന്ന് വീണു മരിക്കുന്നത് വരെ പവനായി എന്ന 'പ്രൊഫഷണൽ കില്ലറി'ന്റെ പ്രവർത്തികൾ തന്നെയാണ് അതിന് കാരണം. മലയാളി അന്നുവരെ കാണാത്ത ഒരു ക്യാപ്റ്റൻ രാജുവിനെയാണ് നാടോടിക്കാറ്റിൽ കണ്ടത്. അതിനാൽ തന്നെയാണ് ആ കഥാപാത്രത്തിന് ഒരു ഐക്കോണിക് സ്വഭാവം ലഭിച്ചതും. മലയാളത്തിന്റെ സ്വന്തം ക്യാപ്റ്റൻ രാജു വിടപറഞ്ഞിട്ട് ഇന്നേക്ക് അഞ്ച് വർഷം തികയുന്നു.പവനായി എന്ന കഥാപാത്രത്തിൽ മാത്രം ഒതുങ്ങുന്നതാണോ ക്യാപ്റ്റൻ രാജു എന്ന നടൻ? അല്ല, താരാദാസിനെ എതിർക്കുന്ന സത്യസന്ധനായ 'രാജേഷ്' എന്ന പൊലീസ് ഉദ്യോഗസ്ഥനെയും ബൽറാമിനൊത്ത വില്ലനായ 'സത്യരാജി'നെയും വടക്കൻ പാട്ടുകളിൽ നിന്ന് തീർത്തും വിഭിന്നനായ 'അരിങ്ങോടരെ'യുമെല്ലാം അദ്ദേഹം തിരശീലയിൽ അവതരിപ്പിച്ചു. ആ കഥാപാത്രങ്ങളെല്ലാം ഇന്നും മലയാളിയുടെ മനസ്സിൽ തുടരുകയും ചെയ്യുന്നു.രാജു തന്റെ 21-ാമത്തെ വയസ്സിൽ ഇന്ത്യൻ ആർമിയിൽ ഉദ്യോഗസ്ഥനായി ചേരുകയും ക്യപ്റ്റൻ റാങ്കുവരെ ഉയരുകയും ചെയ്തു. 5 വർഷം ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച ശേഷം വിരമിച്ച അദ്ദേഹം കുറച്ചുകാലം മുംബൈയിലെ 'ലക്ഷ്മി സ്റ്റാർച്ച്' എന്ന കമ്പനിയിൽ മാർക്കറ്റിംഗ് മേഖലയിൽ ജോലി ചെയ്യുകയും പിന്നീട് സിനിമകളിൽ അഭിനയിക്കാനായി ജോലി ഉപേക്ഷിക്കുകയും ചെയ്തു. കമ്പനിയിൽ ജോലി ചെയ്യുന്നതിനിടയിൽ മുംബൈയിലെ പ്രതിഭാ തിയേറ്ററുകൾ പോലുള്ള അമേച്വർ നാടകസംഘങ്ങളിൽ അഭിനയിക്കാൻ സമയം കണ്ടെത്തിയിരുന്നു. പിന്നീടാണ് ചലച്ചിത്രരംഗത്തേയ്ക്ക് കടന്നുവന്നത്.1981ലാണ് രാജു ഭാഗമായ ആദ്യ ചിത്രം റിലീസ് ചെയ്യുന്നത്. മമ്മൂട്ടി-ഐ വി ശശി ചിത്രം അതിരാത്രത്തിലൂടെയാണ് അദ്ദേഹത്തെ മലയാളി ശ്രദ്ധിക്കാൻ തുടങ്ങിയത്. കുറച്ച് വർഷങ്ങൾക്കിപ്പുറം മറ്റൊരു മമ്മൂട്ടി-ഐ വി ശശി ചിത്രം വന്നതോടെ ക്യാപ്റ്റൻ രാജുവിന് പുതിയ മുഖം ലഭിക്കുകയായിരുന്നു. ആവനാഴി.ഒരു മികച്ച നായകൻ ജനിക്കണമെങ്കിൽ അയാൾക്ക് അത്രത്തോളം മികച്ച വില്ലനുണ്ടാകണം. ആവനാഴിയിലെ ബൽറാമിനെ ശക്തനാക്കിയത് അയാൾക്കൊത്ത വില്ലനായിരുന്നു. സത്യരാജ്. അതുവരെ മലയാളി കണ്ടിവരുന്ന വില്ലന്മാരെ പോലെയായിരുന്നില്ല സത്യരാജ്. ബൽറാമിന്റെ ഭാഷയിൽ തന്നെ പറഞ്ഞാൽ അയാൾക്ക് ഒരു ഹീറോയിക് പരിവേഷമുണ്ടായിരുന്നു. ആ ഹീറോയിക് പരിവേഷം തന്നെയാണ് ബൽറാം എന്ന നായകനെ ശക്തനാക്കിയത്.ആ സിനിമയിലൂടെ ക്യാപ്റ്റൻ രാജു എന്ന വില്ലനെ പ്രേക്ഷകർ ഇരു കൈയ്ക്കും നീട്ടി സ്വീകരിച്ചു. പിന്നീടങ്ങോട്ട് ഒരുപിടി ശക്തമായ പ്രതിനായക കഥാപാത്രങ്ങൾ ക്യാപ്റ്റൻ രാജുവിൽ നിന്നുണ്ടായി.
ക്യാപ്റ്റൻ രാജുവിനെ സ്ക്രീനിൽ കണ്ടാൽ തന്നെ പ്രേക്ഷകർ ഭയക്കാൻ തുടങ്ങിയ നാളുകളിലാണ് പവനായി വന്നത്.'ആ സിഐഡികളെ ജീവനോടെ വച്ചോണ്ടിരുന്നാൽ നമുക്ക് ഇനി രക്ഷയില്ല. ഇനി ഒരൊറ്റ വഴിയേയുള്ളു, ബോംബയിൽ നിന്നും പവനായിയെ വരുത്തുക...' ജോണി നൽകുന്ന ഈ ഇൻട്രോയ്ക്ക് ശേഷം അയാൾ കടന്നുവരികയാണ്. കറുത്ത ജാക്കറ്റും തൊപ്പിയും വായിൽ ഒരു സിഗാറും കയ്യിൽ ഒരു പെട്ടിയുമൊക്കെയായി. പവനായി കാഞ്ഞങ്ങാടുകാരനാണെന്നും 'ശരിക്കുമുള്ള പേര് പി വി നാരായണൻ' എന്നാണെന്നും പറയുന്നിടത്ത് അയാൾ പ്രേക്ഷകനെ ചിരിപ്പിക്കാൻ തുടങ്ങും. ദാസനെയും വിജയനെയും കൊല്ലാൻ നോക്കി 'മാനം പോയ ആ പാവം പ്രൊഫഷണൽ കില്ലർ' പെട്ടി തുറന്ന് 'മെഷീൻ ഗൺ മുതൽ നാടൻ മലപ്പുറം കത്തി' വരെയുള്ള തന്റെ ആയുധങ്ങൾ തുറന്നു കാട്ടുന്നുണ്ട്. അതിന് വിജയൻറെ പ്രതികരണം 'എടാ ദാസാ ഏതാ ഈ അലവലാതി' എന്നാണ്. അവിടെ പതറാതെ 'ലുക്ക് മിസ്റ്റർ ഐ ആം നോട്ട് ആൻ അലവലാതി... ഐ ആം പവനായി' എന്ന് ക്യാപ്റ്റൻ രാജു മറുപടി കൊടുക്കുമെന്ന് പ്രേക്ഷകർ ചിന്തിച്ചിട്ട് പോലുമുണ്ടാകില്ല. വില്ലനായി മാത്രം തിളങ്ങി നിന്ന രാജുവിന്റെ ആ 'പ്രൊഫഷണൽ കില്ലർ' പ്രേക്ഷകർക്ക് ഒരു പുതുമയായിരുന്നു.ഒരു വർഷം കഴിഞ്ഞപ്പോൾ ക്യാപ്റ്റൻ വീണ്ടും ഒരു പ്രൊഫഷണൽ കില്ലറുടെ വേഷം അണിഞ്ഞു. ഇക്കുറി അയാളെ കണ്ട പ്രേക്ഷകർ ചിരിച്ചില്ല, പകരം ഞെട്ടി. അൽപ്പം ഭയന്നു. ആ വാടക കൊലയാളി 'ഓഗസ്റ്റ് 1'ന് മുഖ്യമന്ത്രിയെ കൊല്ലാൻ കരാർ ഏറ്റെടുത്ത് കഴിഞ്ഞ് പിന്നെ നടന്നത് എല്ലാവർക്കും അറിയാമല്ലോ. ഒരു വില്ലൻ കഥാപാത്രത്തിന്റെ ഭീകരത എത്തിക്കാൻ വലിയ ഡയലോഗുകളുടെയോ കൊമ്പൻ മീശയുടെയോ, എന്തിന് ഒരു പേരിന്റെ പോലും ആവശ്യമില്ലെന്ന് അയാൾ തെളിയിച്ചു. അയാൾ മുഖ്യമന്ത്രിയെ കൊല്ലുമോ എന്ന ഭീതി മലയാളിക്ക് ഉള്ളിൽ കൊണ്ടുവരാൻ ക്യാപ്റ്റന് വേണ്ടി വന്നത് ചില നോട്ടങ്ങൾ മാത്രമാണ്. ചിരിപ്പിച്ച പവനായി ആയിരുന്നില്ല ആ 'UNKNOWN' എന്നതാണ് ക്യാപ്റ്റന്റെ വിജയവും.
പിന്നാലെ നൂറ്റൊന്നു കളരിക്കാശാനായ, ആനയെ മയക്കുന്ന വീരൻ അരിങ്ങോടരായി 'ഒരു വടക്കൻ വീരഗാഥ'യിൽ ക്യാപ്റ്റൻ രാജു അഭിനയിച്ചപ്പോൾ മലയാള സിനിമാ ചരിത്രത്തിലെ മികച്ച പെർഫോമൻസുകളിലൊന്നായി മാറി അത്. എംടിയുടെ തിരക്കഥയിൽ നമ്മൾ കണ്ടത് വടക്കൻ പാട്ടുകളിൽ കേട്ടിട്ടുള്ള അരിങ്ങോടരെയല്ല. 'ആനയെ മയക്കേണ്ട ആവശ്യം വരുന്നില്ല അങ്ക ചേകവന്. ആളുകൾ പറയുമ്പോൾ അതും ഒരു കീർത്തി ആയിരിക്കട്ടെ എന്ന് വെച്ച് അറിയില്ലെന്ന് പറയാറില്ല' എന്ന് പറയുമ്പോൾ വടക്കൻ പാട്ടുകളിലെ ചതിയൻ അരിങ്ങോടർ ഒരു സാധാരണ മനുഷ്യനായി മാറുന്നു. തുടരെ തുടരെയുള്ള വില്ലൻ വേഷങ്ങളിൽ തിളങ്ങിയ ക്യാപ്റ്റൻ പിന്നീട് 'ഉപ്പുകണ്ടം ബ്രദേഴ്സ്', 'പുതുക്കോട്ടയിലെ പുതുമണവാളൻ', 'ഉദയപുരം സുൽത്താൻ' തുടങ്ങിയ സിനിമകളിലൂടെ തന്റെ സ്നേഹം നിറഞ്ഞ മുഖവും കാട്ടി.2003ൽ ക്യാപ്റ്റൻ വീണ്ടും ഒരു പെട്ടിയും കയ്യിൽ പിടിച്ച് ഒരു ഓട്ടോയിൽ വന്നിറങ്ങി. മലയാളി മറക്കാത്ത ഒരു ഇറക്കം. തന്റെ 'തലയ്ക്ക് മുകളിൽ ഒന്നുമില്ല' എന്ന് സഹദേവനോട് പറയുകയും, പിന്നീട് സഹദേവൻ 'സിഐഡി മൂസ' ആകുമ്പോൾ തന്റെ 'സാമ്രാജ്യത്തിന്റെ താക്കോലും ബാധ്യതകളുടെ ലിസ്റ്റും' നൽകിയ ഡിറ്റക്റ്റീവ് കരംചന്ദ് കുടുംബങ്ങളെ ഒന്നാകെ ചിരിപ്പിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. വില്ലനായി പേടിപ്പിക്കുകയും ചെറിയ വേഷങ്ങളിൽ വന്നു ചിരിപ്പിക്കുകയും പ്രകടനത്തിലൂടെ അത്ഭുതപ്പെടുത്തുകയും ചെയ്ത ആ അതുല്യ കലാകാരന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം.