മിനിമം വേതന നിരക്ക് പരിഷ്കരിച്ചതായി കേന്ദ്ര സർക്കാരിൻ്റെ പ്രഖ്യാപനം. വേരിയബിൾ ഡിയർനസ് അലവൻസ് (വിഡിഎ) പരിഷ്കരിച്ചാണ് കേന്ദ്ര സർക്കാർ മിനിമം വേതന നിരക്ക് വർധിപ്പിച്ചതായി പ്രഖ്യാപിച്ചിരിക്കുന്നത്. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് നന്നായി കൈകാര്യം ചെയ്യാൻ സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. തൊഴിലാളികൾക്ക് പ്രത്യേകിച്ച് അസംഘടിത മേഖലയിലുള്ളവർക്ക് മിനിമം വേതന നിരക്ക് വർധിപ്പിച്ചത് സഹായകമാകും എന്നാണ് സർക്കാർ പറയുന്നത്. 2024 ഒക്ടോബർ 1 മുതൽ മിനിമം വേതന നിരക്ക് പ്രാബല്യത്തിൽ വരും.
കെട്ടിട നിർമ്മാണം, ലോഡിംഗ്, അൺലോഡിംഗ്, വാച്ച് ആൻഡ് വാർഡ്, സ്വീപ്പിംഗ്, ക്ലീനിംഗ്, ഹൗസ് കീപ്പിംഗ്, ഖനനം, കൃഷി തുടങ്ങി വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് പുതുക്കിയ വേതനം പ്രയോജനപ്പെടും.
2024 ലെ രണ്ടാമത്തെ വേതന ക്രമീകരണമാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. നേരത്തെ ഏപ്രിലിൽ മാസത്തിലും വേതനക്രമീകരണം നടത്തിയിരുന്നു. ഉപഭോക്തൃ വില സൂചികയിലെ ഏറ്റക്കുറച്ചിലുകളുടെ അടിസ്ഥാനത്തിൽ വ്യാവസായിക തൊഴിലാളികൾക്കുള്ള വേരിയബിൾ ഡിയർനസ് അലവൻസ് രണ്ട് വർഷത്തിലൊരിക്കൽഏപ്രിൽ, ഒക്ടോബർ മാസങ്ങളിൽ പരിഷ്കരിക്കാനാണ് സർക്കാർ തീരുമാനം. വിവിധ മേഖലകൾ, വിഭാഗങ്ങൾ, പ്രദേശങ്ങൾ എന്നിവയുടെ പുതുക്കിയ വേതന നിരക്കുകളെ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ചീഫ് ലേബർ കമ്മീഷണറുടെ (സെൻട്രൽ) വെബ്‌സൈറ്റിൽ clc.gov.in ൽ ലഭ്യമാണ്.