വെള്ളറട: തിരുവനന്തപുരം വെള്ളറടയിൽ ബൈക്കിടിച്ച് പരുക്കേറ്റ മധ്യവയസ്കനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ സ്ഥലത്ത് ഉപേക്ഷിച്ച് കടന്ന പ്രതികളെ കണ്ടെത്താനുള്ള പോലീസ് അന്വേഷണം വഴിമുട്ടി. അപകടം നടന്ന് രണ്ട് ദിവസമായിട്ടും ബൈക്കിനെക്കുറിച്ചോ പ്രതികളെക്കുറിച്ചോ സൂചന ലഭിച്ചില്ല. അപകടത്തിൽപ്പെട്ട വെള്ളറട സ്വദേശി സുരേഷ് റോഡരികിലെ റൂമിൽ കിടന്ന് ചികിത്സ കിട്ടാതെ മരിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് വെള്ളറടയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ 52 കാരനായ സുരേഷിനെ ഇരുചക്ര വാഹനം ഇടിച്ച് തെറിപ്പിച്ചത്.
അപകടത്തെ തുടർന്ന് റോഡിൽ തെറിച്ച് വീണ സുരേഷിനെ ബൈക്ക് യാത്രക്കാർ റോഡിൽ നിന്ന് എഴുന്നേൽപ്പിക്കുന്നതും, സമീപത്ത് സുരേഷ് താമസിക്കുന്ന ഒറ്റമുറി വീട്ടിലേക്ക് കൊണ്ടുപോയി കിടത്തുന്നതും വാതിൽ അടച്ച് രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. മീറ്ററുകൾക്ക് അകലെ ആശുപത്രിയുണ്ടായിരുന്നെങ്കിലും സുരേഷിനെ മുറിയിലാക്കിയാണ് പ്രതികൾ കടന്നുകളഞ്ഞത്. തലയക്കേറ്റ ക്ഷതമായിരുന്നു മരണ കാരണമെന്നാണ് പോസ്റ്റർമോർട്ടം പ്രാഥമിക റിപ്പോർട്ട്. ബൈക്ക് യാത്രക്കാരിലൊരാൾ ലുങ്കിയാണ് ധരിച്ചത്. മാത്രമല്ല സുരേഷിനെ മുറിയിൽ കൃത്യമായി എത്തിക്കുകയും ചെയ്താണ് ഇവർ മടങ്ങിയത്.