ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ ആപ്ലിക്കേഷനുകളിലൂടെ പുതിയ തരത്തിലുള്ള തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും അതീവ ജാഗ്രത പാലിക്കണമെന്നും സൈബർ ക്രൈം പോലീസിന്റെ മുന്നറിയിപ്പ്. പരിചയമില്ലാത്ത ആരെങ്കിലും ഗൂഗിള്‍ പേ ഉള്‍പ്പെടെയുള്ള യുപിഐ ആപ്പുകളില്‍ ഇതുപോലെ പണം അയയ്‌ക്കുകയും അത് തിരികെ അയക്കാൻ ആവശ്യപ്പെടുകയും ചെയ്താല്‍ ഉടൻ പണം അയക്കരുതെന്നാണ് പോലീസ് നിർദ്ദേശം. മുമ്പ് പരിചയമില്ലാത്ത ഒരാള്‍ ഗൂഗിള്‍ പേ, ഫോണ്‍ പേ, യുപിഐ ആപ്പുകള്‍ വഴി നിങ്ങള്‍ക്ക് പണം അയക്കുന്നു, തുടർന്ന് പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിയതിന് ശേഷം, ആ വ്യക്തി നിങ്ങളെ വിളിക്കുന്നു . അവർ പണം മറ്റൊരാള്‍ക്ക് അയക്കുന്നതിന് പകരം നിങ്ങള്‍ക്ക് തെറ്റായി അയച്ചുവെന്ന് പറയും. കൂടാതെ, അബദ്ധത്തില്‍ അയച്ച പണം അതേ നമ്പറിലേക്ക് വീണ്ടും അയക്കാനും ആവശ്യപ്പെടുന്നു. നിങ്ങള്‍ പണം മടക്കി അയച്ചാല്‍ അവർ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യും. ബാങ്ക് അക്കൗണ്ടിലെ മുഴുവൻ പണവും കൊള്ളയടിക്കപ്പെടും എന്നാണ് പോലീസ് മുന്നറിയിപ്പ് നല്‍കുന്നത് . അങ്ങനെയുള്ള സാഹചര്യങ്ങളില്‍ പണം അയച്ച ആളിനോട് അവരുടെ തിരിച്ചറിയല്‍ രേഖയുമായി അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വന്ന് പണം കൈപ്പറ്റാൻ ആവശ്യപ്പെടുക, ആരെങ്കിലും നിങ്ങള്‍ക്ക് ഗൂഗിള്‍ പേയില്‍ പണം അയക്കുകയും അത് തിരികെ അയയ്‌ക്കാൻ ടെക്‌സ്‌റ്റ് മെസേജില്‍ ലിങ്ക് അയക്കുകയും ചെയ്‌താല്‍, അതില്‍ ക്ലിക്ക് ചെയ്യരുത്. ഇത് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യാനുള്ള ലിങ്ക് ആകാം എന്നും പോലീസ് പറയുന്നു