തിരുവനന്തപുരം: വഞ്ചിയൂരിൽ പ്രവർത്തിക്കുന്ന ഗേൾസ് ഹോസ്റ്റലിൽ വെള്ളമെത്തി. ഇന്ന് പുലർച്ചെയോടെയാണ് കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചത്. 11 ദിവസമായി ഗേൾസ് ഹോസ്റ്റലിൽ വെള്ളം ലഭിച്ചിരുന്നില്ല. വെള്ളമില്ലാതായതോടെ പണം നൽകിയാണ് ഇവർ കുടിവെള്ളം സംഘടിപ്പിച്ചിരുന്നത്. കോർപ്പറേഷനിൽ വെള്ളം ബുക്ക് ചെയ്യുന്നതിന് അനുസരിച്ച് 2000 ലിറ്റർ വെളളത്തിന് 1400 രൂപ നൽകിയാണ് കുട്ടികൾ ഈ ദിവസങ്ങൾ തള്ളി നീക്കിയത്.കുടിവെള്ള പ്രതിസന്ധിയിൽ വിശദമായ റിപ്പോർട്ട് തേടിയിരിക്കുകയാണ് സർക്കാർ. അഡീഷണൽ സെക്രട്ടറി വിശ്വനാഥ് സിൻഹ ജല അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വിവരങ്ങൾ തേടിയിട്ടുണ്ട്. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്തും. വീഴ്ച കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഉണ്ടാകും.