പക്ഷിപ്പനി വ്യാപനം തടയാന്‍ നാലു ജില്ലകളിൽ വളര്‍ത്തുപക്ഷികളുടെ കടത്തലും വിരിയിക്കലും നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഏപ്രില്‍ മുതല്‍ പക്ഷിപ്പനി ആവര്‍ത്തിച്ച ആലപ്പുഴ ജില്ലയില്‍ പൂര്‍ണമായും കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ രോഗബാധിത മേഖലയിലും ഡിസംബര്‍ 31 വരെയാണ് നിയന്ത്രണം. ഈ പ്രദേശങ്ങളില്‍ പക്ഷികളെ (കോഴി, താറാവ്, കാട) കടത്തുന്നതിനും കൊണ്ടുവരുന്നതിനും നിരോധനമുണ്ട്.നാലു മാസത്തേക്കാണ് നിരോധനം.
പ്രഭവകേന്ദ്രത്തിന് ഒരുകിലോമീറ്റര്‍ ചുറ്റളവ് രോഗബാധിത മേഖലയും 10 കിലോമീറ്റര്‍ നിരീക്ഷണ മേഖലയുമായാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് 38 പ്രഭവകേന്ദ്രങ്ങളാണുള്ളത്. ആലപ്പുഴ ജില്ലയില്‍ പൂര്‍ണമായും കോട്ടയം ജില്ലയിലെ വൈക്കം, ചങ്ങനാശ്ശേരി, കോട്ടയം താലൂക്കുകള്‍, പത്തനംതിട്ട ജില്ലയില്‍ തിരുവല്ല താലൂക്ക്, പള്ളിക്കല്‍, തുമ്പമണ്‍ പഞ്ചായത്തുകള്‍, പന്തളം, അടൂര്‍ നഗരസഭകള്‍, ആറന്മുള, കോഴഞ്ചേരി, കുളനട, മല്ലപ്പുഴശ്ശേരി, മെഴുവേലി, കല്ലൂപ്പാറ, കുന്നന്താനം, മല്ലപ്പള്ളി, പുറമറ്റം പഞ്ചായത്തുകള്‍, എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍, ഉദയംപേരൂര്‍, എടയ്ക്കാട്ടുവയല്‍, ചെല്ലാനം പഞ്ചായത്തുകള്‍ എന്നിവയാണ് നിരോധനം ബാധകമായ സ്ഥലങ്ങള്‍.
നിലവിലെ ഹാച്ചറികളിലുള്ള മുട്ടകള്‍ ശാസ്ത്രീയമായി നശിപ്പിക്കണം. അതിന് മുട്ടയൊന്നിന് (കോഴി, താറാവ്) അഞ്ചുരൂപ നഷ്ടപരിഹാരം നല്‍കണം. ഹാച്ചറികളില്‍ മുട്ട വിരിയിക്കാനും പാടില്ല. പക്ഷികളില്ലാത്ത ഹാച്ചറികള്‍ അടച്ചിടണം. സെപ്റ്റംബര്‍ രണ്ട് മുതല്‍ ഉത്തരവ് പ്രാബല്യത്തിലായി. രോഗം ആവര്‍ത്തിക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദേശവും സംസ്ഥാന സമിതിയുടെ കണ്ടെത്തലും പരിഗണിച്ചാണ് പുതിയ വിജ്ഞാപനം.