മൈനാഗപ്പള്ളി അപകടം: ‘ട്രാപ്പിൽ പെട്ടുപോയി; മദ്യം കുടിയ്ക്കാൻ അജ്മൽ പ്രേരിപ്പിച്ചു’; പ്രതി ശ്രീക്കുട്ടി

മൈനാഗപ്പള്ളി ആനൂർക്കാവിൽ യുവതിയെ കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയ പ്രതികളുടെ മൊഴിയുടെ വിശദാശംങ്ങൾ പുറത്ത്. ട്രാപ്പിൽ പെട്ടു പോയെന്ന് പ്രതി ഡോക്ടർ ശ്രീക്കുട്ടി. മദ്യം കുടിയ്ക്കാൻ അജ്മൽ പ്രേരിപ്പിച്ചിരുന്നെന്നാണ് ശ്രീകുട്ടിയുടെ മൊഴി. അജ്മലിൻ്റെ സമ്മർദത്തെ തുടർന്നാണ് മദ്യം കുടിച്ചതെന്ന് ശ്രീക്കുട്ടി പറയുന്നു.13 പവൻ സ്വർണ്ണഭരണങ്ങളും 20,000 രൂപയും ശ്രീക്കുട്ടി അജ്മലിന് നൽകി. എന്നാൽ ഡോക്ടർ ശ്രീക്കുട്ടി ആവശ്യപ്പെട്ട പ്രകാരമാണ് മദ്യം വാങ്ങി നൽകിയതെന്ന് അജ്മൽ പറയുന്നത്. അജ്മലിൻ്റെയും ശ്രീക്കുട്ടിയുടെയും മൊഴിയിൽ വൈരുദ്ധ്യമുണ്ട്. മനഃപ്പൂർവ്വം ആയിരുന്നില്ല യുവതിയുടെ ദേഹത്തു കൂടി വാഹനം കയറ്റിയതെന്ന് ശ്രീക്കുട്ടി പറയുന്നു. വാഹനം മുന്നോട്ട് എടുത്തത് തൻ്റെ നിർദ്ദേശപ്രകാരം അല്ലെന്നും എന്തിലൂടോ വാഹനം കയറി ഇറങ്ങിയതായി പിന്നീട് മനസിലായെന്നും ശ്രീക്കുട്ടി നൽകിയ മൊഴിയിൽ പറയുന്നു.വാഹനം നിർത്താൻ നാട്ടുകാർ പറയുന്നത് കേട്ടു. പക്ഷേ എന്തായിരുന്നുവെന്ന് അറിയില്ല. താൻ പെട്ടുപോയതാണെന്നും ഡോക്ടർ ശ്രീക്കുട്ടി മൊഴി നൽകി. യുവതി വാഹനത്തിൻ്റെ അടിയിലാണെന്ന് കണ്ടിരുന്നില്ലെന്ന് അജ്മൽ മൊഴി നൽകി. നാട്ടുകാർ ഓടികൂടിയപ്പോൾ ഭയം കൊണ്ടാണ് താൻ വാഹനം മുന്നോട്ട് എടുത്തതെന്നും അജ്മൽ പറയുന്നു.