ദുലീപ് ട്രോഫിയിൽ ഇന്ത്യ എയ്ക്കെതിരായ മത്സരത്തിൽ നിരാശപ്പെടുത്തി ഇന്ത്യ ഡിയുടെ മലയാളി താരം സഞ്ജു സാംസൺ. ആറ് പന്ത് നേരിട്ട സഞ്ജു അഞ്ച് റൺസുമായി പുറത്തായി. അഖിബ് ഖാന്റെ പന്തിൽ മിഡ് ഓണിൽ പ്രസീദ് കൃഷ്ണയ്ക്ക് ക്യാച്ച് നൽകിയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററുടെ മടക്കം. ഒരു ബൗണ്ടറി ഉൾപ്പെടുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്സ്.നേരത്തെ എട്ടിന് 288 എന്ന നിലയിലാണ് ഇന്ത്യ എ ഒന്നാം ഇന്നിംഗ്സ് ബാറ്റിങ് പുനരാരംഭിച്ചത്. തലേന്നത്തെ സ്കോറിനോട് രണ്ട് റൺസ് കൂടി കൂട്ടിച്ചേർത്ത് ഇന്ത്യ എ ഓൾഔട്ടായി. ഷംസ് മുലാനി തലേന്നത്തെ സ്കോറിനോട് ഒരു റൺസ് കൂടി കൂട്ടിച്ചേർത്ത് 89 റൺസുമായി വിക്കറ്റ് നഷ്ടപ്പെടുത്തി. ഇന്ത്യ ഡിയ്ക്കായി ഹർഷിത് റാണ നാല് വിക്കറ്റെടുത്തു.ഒന്നാം ഇന്നിംഗ്സ് മറുപടി ആരംഭിച്ച ഇന്ത്യ ഡിയും ബാറ്റിങ് തകർച്ച നേരിടുകയാണ്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ ഡി നാല് വിക്കറ്റ് നഷ്ടത്തിൽ 87 റൺസെടുത്തിട്ടുണ്ട്. 40 റൺസുമായി കർണാടകക്കാരനായ മലയാളി താരം ദേവ്ദത്ത് പടിക്കൽ ക്രീസിലുണ്ട്. 22 റൺസുമായി റിക്കി ബുയി ആണ് കൂട്ട്. സൺഗ്ലാസ് ധരിച്ച് ക്രീസിലെത്തിയ ഇന്ത്യ ഡി ക്യാപ്റ്റൻ ശ്രേയസ് അയ്യർ റൺസെടുക്കാനാകാതെ പുറത്തായി.