ഓടുന്ന കാറിനുള്ളില്‍ വഴക്ക് കൂടി യുവതിയും യുവാവും. വഴക്ക് മുറുകിയതോടെ കാറിനുള്ളില്‍ നിന്നും റോഡിലേക്ക് എടുത്തുചാടാന്‍ യുവതിയുടെ ശ്രമം. കാറിനുള്ളിലെ ബഹളം കണ്ട് റോഡിലൂടെ പോയ ബൈക്ക് യാത്രക്കാര്‍ കാര്‍ തടഞ്ഞു നിര്‍ത്തി. തുടര്‍ന്നു കാറിലുണ്ടായിരുന്ന യുവാവും യുവതിയും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി.
കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ കടുത്തുരുത്തി ടൗണിലാണ് നാട്ടുകാരെ ഞെട്ടിച്ച സംഭവം. എറണാകുളം സ്വദേശിയായ യുവാവും കണ്ണൂര്‍ സ്വദേശിയായ യുവതിയുമാണു കാറിലുണ്ടായിരുന്നത്. വാഗമണ്ണില്‍ നിന്നു തിരിച്ചുപോവുകയായിരുന്നു ഇരുവരും. യാത്രയ്തക്കിടെ കാറില്‍ വെച്ച് ഇരുവരും വന്‍ വഴക്കായി. സ്വര്‍ണം പണയം വച്ച 13,000 രൂപയുമായാണു യുവതി എത്തിയത്. ഈ പണം യുവാവിനോടു തിരികെ ചോദിച്ചതാണു വഴക്കിനു കാരണമെന്നറിയുന്നു.
ഓടുന്ന കാറില്‍ വച്ച് യുവാവ് തന്നെ ഉപദ്രവിച്ചെന്നും തുടര്‍ന്നാണു പുറത്തേക്കു ചാടാന്‍ ശ്രമിച്ചതെന്നും യുവതി പറഞ്ഞു. ഇരുവരെയും നാട്ടുകാര്‍ ഇടപെട്ട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. പൊലീസ് ഇടപെട്ടതോടെ യുവാവ് കുറച്ചു പണം യുവതിക്കു തിരികെ കൊടുത്തു. രണ്ടുപേരോടും സംസാരിച്ച ശേഷം പൊലീസ് ഇവരെ തിരിച്ചയച്ചു.