ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടി ഡ്രെഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ തുടരുന്നു. ഇന്നത്തെ തെരച്ചിലിൽ മണ്ണിടിച്ചിലിൽ പൊട്ടി വീണ ഇലക്ട്രിക് ടവറിന്റെ ഒരുഭാഗവും ഒരു കെട്ട് കയറും കണ്ടെത്തി. നാവിക സേന സംഘം മാര്‍ക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് കയര്‍ കിട്ടിയത്. കണ്ടെത്തിയത് കയർ അർജുൻ ഓടിച്ച ലോറിയുടേതാണെന്ന് വാഹനത്തിന്‍റെ ഉടമ മനാഫ് പ്രതികരിച്ചു. ഇനിയും നീളത്തിൽ കയർ ഉണ്ട്. ഇതിൻ്റെ അറ്റം പിടിച്ച് പോയാൽ ലോറിയിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ തെരയുന്ന ഭാഗത്ത് തന്നെ ലോറി ഉണ്ടാകുമെന്ന് കരുതുന്നുവെന്നും മനാഫ് പറഞ്ഞു.അതേസമയം, തെരച്ചിലിന് വീണ്ടും കാലാവസ്ഥ വെല്ലുവിളിയാവുകയാണ്. അടുത്ത മൂന്ന് ദിവസം ഉത്തര കന്നഡ ജില്ലയിലും തീരദേശ കർണാടകയിലെ ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്നത്. ഇത് ഷിരൂരിലെ തെരച്ചിൽ പ്രതിസന്ധിയിലാക്കിയേക്കും. ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തെരച്ചിലിനും തടസമാകും. ഉത്തര കന്നഡ ജില്ലയിലും തീരദേശ കര്‍ണാടകയിലെ ജില്ലകളിലും അടുത്ത മൂന്ന് ദിവസം ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ തുടര്‍ന്നാല്‍ ഡ്രഡ്ജിങ് എളുപ്പമാകില്ല. ഗംഗാവലി പുഴയിലെ അടിയൊഴുക്കും വര്‍ധിച്ചാൽ ഡ്രഡ്ജര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും തടസം നേരിടാം