ഓണത്തിന്റെ അവസാന വട്ട ഒരുക്കങ്ങൾക്കായി നാടും നഗരവും ഇന്ന് ഉത്രാട പാച്ചിലിലേക്ക്.

നാളെ തിരുവോണത്തിന് മഹാബലി തമ്പുരാനെ വരവേൽക്കാൻ പൂക്കളമൊരുക്കാനും സദ്യവട്ടത്തിനുമായി നഗര – ഗ്രാമ വ്യത്യാസമില്ലാതെ ജനം ഒഴുകിയിറങ്ങുന്നതോടെ കമ്പോളങ്ങളും വീഥികളും നിറയും.

വയനാട് ദുരന്തത്തെ തുടർന്ന് സർക്കാരിന്റെ ഔദ്യോഗിക ഓണാഘോഷമില്ലെങ്കിലും വിപണിയിലെ തിരക്കിനെ അതൊന്നും ബാധിച്ചിട്ടില്ല. സർക്കാർ ഓഫീസുകളിലും മറ്റും വിപുലമായ ആഘോഷത്തിന് പൂട്ട് വീണത് പൂവിപണിക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്.

പലവ്യഞ്ജനങ്ങൾ,​ പച്ചക്കറികൾ,​ പൂക്കൾ,​ വസ്ത്രങ്ങൾ,​ ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയാണ് ഓണക്കച്ചവടത്തിൽ മുൻപന്തിയിൽ.

വലിയ ജോലിപ്പാടൊന്നുമില്ലാതെ സ്വസ്ഥമായിരുന്ന് ഓണമുണ്ണണം എന്നാഗ്രഹിക്കുന്ന നഗരവാസികളിൽ ഏറിയപങ്കും സദ്യ ബുക്ക് ചെയ്യുകയാണ്. സദ്യ ബുക്കിംഗ് ഉള്ളതിനാൽ നഗരങ്ങളിലെ ഹോട്ടൽ അടുക്കളകൾ പുലർച്ച മുതലേ സജീവമാണ്. ചെറുകിട – വൻകിട ഹോട്ടലുകളെല്ലാം സദ്യ ബുക്കിംഗ് ആഴ്ചകൾക്ക് മുൻപേ തുടങ്ങുകയും ചെയ്തു. 5 അംഗങ്ങൾക്കുള്ള ഓണസദ്യക്ക് 2500രൂപ മുതലാണ് വൻകിടഹോട്ടലുകൾ ഈടാക്കുന്നത്.


ഗൃഹോപകരണ മേളകൾ, വസ്ത്രശാലകൾ, പഴം – പച്ചക്കറി വിപണന കേന്ദ്രങ്ങൾ, വഴിയോര വിപണി എന്നിവിടങ്ങളിലെല്ലാം ഇന്ന് തിരക്ക് ഉയരാനുള്ള സാദ്ധ്യത പരിഗണിച്ച് പൊലീസ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

ചിരട്ട തവി, മുറം, മൺകലം, മൺ ചട്ടി എന്നിവ വിൽക്കുന്ന വഴിയോര വിൽപ്പന കേന്ദ്രങ്ങളിലും ആവശ്യക്കാരെത്തുന്നുണ്ട്.

സദ്യ വിളമ്പാൻ കാറ്ററിംഗ് യൂണിറ്റ്

വിപണിയിലെ തിരക്കിൽ സാധനങ്ങൾ വാങ്ങി വീട്ടിൽ സദ്യയൊരുക്കാൻ കഴിയാതെ പോയവർക്ക് ഓണ സദ്യ വിളമ്പാൻ ഹോട്ടലുകളും കാറ്ററിംഗ് യൂണിറ്റുകളും സജ്ജമായി. നാട്ടിലെ കാറ്ററിംഗ് യൂണിറ്റുകളിലെല്ലാം ഓണ സദ്യയുടെ ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. 200 മുതൽ 500 രൂപ വരെയാണ് ഓണസദ്യയ്ക്ക് ഈടാക്കുന്ന ശരാശരി വില. വാഴയിലയും കുടിവെള്ളവും ഉൾപ്പെടെ ഈ വിലയിൽ വീട്ടിലെത്തും. ഇലയിട്ട് കൈകഴുകി വിളമ്പി കഴിച്ചാൽ മതിയാകും.

വാഴയിലയ്ക്കും ഡിമാൻഡ്

ഓണ സദ്യ വിളമ്പാൻ തൊടിയിലൊരു വാഴയില ഇല്ലാത്തത് പലർ‌ക്കും പ്രതിസന്ധിയാണ്. തമിഴ്നാട്ടിൽ നിന്ന് മുൻ വർഷങ്ങളിൽ ഓണ വിപണിയിലേക്ക് വാഴ ഇല വൻ തോതിൽ എത്തിയിരുന്നു. ഇത്തവണ നാട്ടിലെ വാഴയിൽ നിന്ന് മുറിച്ചെടുത്ത ഇലകളും വിപണിയിലുണ്ട്. വാഴയില ഒന്നിന് അഞ്ച് മുതൽ പത്ത് രൂപ വരെയാണ് വീട്ടിൽ നൽകുമ്പോൾ ഈടാക്കുന്നത്.

ഓണ വിപണിയിൽ സർക്കാർ നിരീക്ഷണം

ഓണം വിപണിയിൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കി. ഗ്യാസ് ഔട്ട്‌ലെറ്റ്, പെട്രോൾ ബങ്ക്, സൂപ്പർമാർക്കറ്റ്, പലവ്യഞ്ജനങ്ങൾ വിൽപ്പന നടത്തുന്ന കടകൾ, പഴം, പച്ചക്കറി, മത്സ്യം, ഇറച്ചി വിൽപ്പന കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്.

 അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്യും.

ഉഷാറായി സർക്കാർ വിപണികൾ

ജനങ്ങൾക്കായി പൊതുവിപണി വിലയിൽ നിന്ന് 30 ശതമാനം വരെ വില കുറച്ച് പച്ചക്കറി നൽകാൻ ഹോർട്ടി കോർപ്പിന്റെയും വി.എഫ്.പി.സി.കെയുടെയും ഓണച്ചന്തകൾ തുറന്നു. ഹോർട്ടികോർപ്പിന്റെ വിപണന കേന്ദ്രങ്ങൾ, ഫ്രാഞ്ചൈസി കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വിലക്കുറവിൽ പച്ചക്കറി വാങ്ങാം. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രെമോഷൻ കൗൺസിൽ ജില്ലയിൽ നിരവധി കേന്ദ്രങ്ങളാണ് പ്രവർത്തിപ്പിക്കുന്നത്. സപ്ലൈകോ, കൺസ്യൂമർഫെഡ് മേളകളും അവശ്യ സാധനങ്ങൾക്ക്‌ വിലക്കുറവ് നൽകുന്നു. 

നാട്ടു വഴികളിലാകെ കരടികൾ

ഓണനിലാവ് പരക്കുന്ന കൊല്ലത്തിന്റെ നാട്ടുവഴികളിലാകെ കരടിപ്പാട്ടുകളുടെ ഈണമാണ്. സന്ധ്യ മയങ്ങി നിലാവ് തെളിയുന്നതോടെ ദൂരെ വയൽ പരപ്പുകളിൽ നിന്ന് കരടികൾ നാടിറങ്ങും. കൈത്താളവും ഗഞ്ചിറയും പൊഴിക്കുന്ന സംഗീതത്തിനൊപ്പം കരടിപ്പാട്ട് കേട്ട് തുടങ്ങുമ്പോഴേ നാടൊന്നാകെ വഴിക്കണ്ണുമായി കാത്ത് നിൽപ്പ് തുടങ്ങും. കരടികൾ എത്തുമ്പോഴാണ് ഓണം, അതിന്റെ ആഘോഷ രാവുകളിലേക്ക് കടക്കുക. കൊല്ലത്തെ കരടികൾ നാട്ടിടവഴികൾ ഓരോന്നും താണ്ടി വീട്ടുമുറ്റങ്ങളിൽ എത്തി പാടിയിരുന്നതൊക്കെയും ചുറ്റുവട്ട കാഴ്ചകളായിരുന്നു. നീണ്ടകര പാലം, ചവറയിലെ തെക്കൻ ഗുരുവായൂർ ക്ഷേത്രം, നാട്ടിലെ പഴയ തറവാട്ടിൽ ആന വിരണ്ടത്, ഉത്സവങ്ങൾ, ചവറയിൽ നിന്ന് ശാസ്താംകോട്ടയിലേക്ക് റോഡ് വന്നത് തുടങ്ങി പ്രാദേശിക ചരിത്രങ്ങളാണ് കരടിപ്പാട്ടുകളാക്കി ജനങ്ങളോട് സംവേദിച്ചിരുന്നത്.