കൃഷിവകുപ്പിന്റെ ‘ഓണത്തിന് ഒരുമുറം പച്ചക്കറി’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

"കൃഷിവകുപ്പിന്റെ ‘ഓണത്തിന് ഒരുമുറം പച്ചക്കറി’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടേറിയറ്റ് അങ്കണത്തിലെ ഉദ്യാനത്തിൽ ഇന്ന് രാവിലെ 11ന് നിർവഹിക്കും. മന്ത്രി പി.പ്രസാദ് അധ്യക്ഷനാകും. സുരക്ഷിത പച്ചക്കറി ഉൽപാദനത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും ഉൾപ്പെടുത്തിയാണ് ‘ഓണത്തിന് ഒരുമുറം പച്ചക്കറി’ നടപ്പാക്കിയത്. ‘ഞങ്ങളും കൃഷിയിലേക്ക്’ പ്രചാരണ പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല വിളവെടുപ്പ് ഉദ്ഘാടനമാണ് സെക്രട്ടേറിയറ്റ് അങ്കണത്തിൽ നടക്കുന്നത്.

 ഇതോടൊപ്പം, കേരള അഗ്രോ ഓർഗാനിക്, കേരള അഗ്രോ ഗ്രീൻ എന്നീ ലോഗോകളുടെ പ്രകാശനവും കാർഷിക ഉൽപന്നങ്ങളുടെ ആദ്യ വിൽപനയും ഇന്ന് ഉച്ചയ്ക്ക് 12 ന് സെക്രട്ടേറിയറ്റിലെ ലയം ഹാളിൽ നടക്കുന്ന യോഗത്തിൽ മന്ത്രി പി. പ്രസാദ് നിർവഹിക്കും. നിയമസഭ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഹരിത ക്ലബ് നേതൃത്വത്തിൽ ‘ഓണത്തിന് ഒരുമുറം പച്ചക്കറി’ പരിപാടിയുടെ ഭാഗമായി നിയമസഭാ കോംപ്ലക്സിൽ വിളയിച്ച പച്ചക്കറിയുടെ വിളവെടുപ്പ് സ്പീക്കർ എ.എൻ.ഷംസീർ ഇന്ന് രാവിലെ 9.30ന് ഉദ്ഘാടനം ചെയ്യും."