കേരളത്തിൽ അടുത്ത ഏഴ് ദിവസം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യുനമർദ്ദം വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തി കൂടിയ ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. വടക്കു ദിശയിൽ സഞ്ചരിക്കുന്ന ന്യുനമർദ്ദം നാളെയോടെ (സെപ്റ്റംബർ 8) വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ, തീരത്തിന് സമീപം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്.
തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ, ജാർഖണ്ഡ്, ഛത്തീസ്‌ഗണ്ഡ് മേഖലയിലേക്ക് നീങ്ങാനാണ് സാധ്യത. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ ഏഴ് മുതൽ ഒമ്പത് വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് രണ്ട് ജില്ലകളിൽ കാലാവസ്ഥ വിഭാഗം മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. ആറ് ജില്ലകളിലാണ് നാളെ യെല്ലോ അലേർട്ട്.
മഞ്ഞ അലേർട്ട്
07/09/2024 : കണ്ണൂർ, കാസർഗോഡ്
08/09/2024 : എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
09/09/2024 : ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
ഈ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.