സാങ്കേതികമായുണ്ടായ ബുദ്ധിമുട്ടുകൾ കാരണം തിരുവനന്തപുരം നഗരത്തിലെ കുടിവെള്ളം വിതരണം തടസപ്പെട്ടത്, ഇന്ന് വൈകുന്നേരം 4 മണിയോടെ പുനഃസ്ഥാപിക്കാൻ സാധിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ജഗതിയിൽ കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കുന്ന സ്ഥലം സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങൾ വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചതെന്നും, ഇന്ന് പൂർണമായും വെള്ളം എത്തിക്കാൻ കഴിയുമെന്ന ഉറപ്പും മന്ത്രി നൽകി. സാധ്യമായ സ്ഥലങ്ങളിലെല്ലാം ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നുണ്ട്. റിസ്കി ഓപ്പറേഷൻ ആയിരുന്നു. പൈപ്പ് മാറ്റാൻ തുടങ്ങിയ ശേഷമാണ് ഈ പ്രശ്നമുണ്ടായത്. ഭാവിയിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുമെന്നും. ജനങ്ങൾ ഈ പ്രശ്നം മനസിലാക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.സർക്കാരിന്റെ ഭാഗത്തുനിന്ന് ചെയ്യാൻ കഴിയുന്ന മുഴുവൻ കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് സ്ഥലം സന്ദർശിച്ച് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. രാവിലെ തന്നെ വെള്ളം എത്തിക്കാനുള്ള ശ്രമം നടത്തിയിരുന്നു പക്ഷെ രാവിലെ വാൽവ് തകരാറിലായതു കൊണ്ടാണ് കുടിവെള്ള വിതരണം വൈകിയതെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷിച്ചതിലും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായെങ്കിലും അതെല്ലാം മറികടന്ന് കുടിവെള്ള വിതരണം പുനഃസ്ഥാപ്പികുമെന്നും വി. ശിവൻകുട്ടി പറഞ്ഞു.48 മണിക്കൂറിനകം കുടിവെള്ള പ്രശ്നം പരിഹരിക്കാൻ സാധിക്കും എന്നായിരുന്നു പ്രതീക്ഷിച്ചത്, ഇന്ന് രാവിലെയാണ് മറ്റൊരു വാൽവ് തകരാറിലായത്. എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. പ്രശ്നം പരിഹരിക്കുന്നതിനായി എല്ലാവരുടെ സഹകരണം ആവശ്യമാണ്. ഇന്നലെ 12 ടാങ്കറുകളിൽ കുടിവെള്ള വിതരണം നടത്തിയിരുന്നു. ഇന്ന് 17 ടാങ്കറുകൾ എത്തിച്ചിട്ടുണ്ട്, കൂടുതൽ സ്വകാര്യ ടാങ്കറുകളും ലഭ്യമാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മേയർ അറിയിച്ചു.