എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും, പകരം സാധ്യത 2 പേര്‍ക്ക്

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും. പകരം ചുമതല എച്ച് വെങ്കിടേഷിനെയോ ബൽറാം കുമാറിനോ നല്‍കുമെന്നാണ് സൂചന. എഡിജിപി അജിത് കുമാറിനെതിരെ ഡിജിപി കെ പത്മകുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണത്തിന് ഉത്തരവിടാനാണ് സാധ്യത. സീനിയർ ഡിജിപിയാണ് കെ പത്മകുമാർ.പി വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ എംആർ അജിത് കുമാറിനെ കൈവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിലെ ഉന്നതർക്കെതിരെയും പി ശശിക്കെതിരെയും അൻവർ ഉയർത്തിയ ആരോപണങ്ങൾക്ക് പിന്നാലെയുണ്ടായ വൻ വിവാദത്തിന് ഒടുവിലാണ് അജിത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്നും മാറ്റുന്നത്. കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയിൽ എഡിജിപിയെ വേദിയിലിരുത്തി ആരോപണങ്ങളിൽ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ക്രമസമാധാന ചുമതല നിന്നും മാറ്റി നിര്‍ത്തുമെന്ന വാര്‍ത്ത പുറത്ത് വരുന്നത്.