തിരുവനന്തപുരം പൂന്തുറയിലുള്ള പനത്തുറ പൊഴിയിൽ കുളിക്കാനിറങ്ങി മുങ്ങിത്താഴ്ന്ന പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച ബന്ധു മുങ്ങിമരിച്ചു.അമ്പലത്തറ കുമരിച്ചന്തയ്ക്കു സമീപം പള്ളിത്തോപ്പിൽ വീട്ടിൽ ഗിരീശന്റെയും സരിതയുടെയും മകനായ ശ്രീഹരിയാണ് (14) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 4.45-ഓടെ ആയിരുന്നു അപകടം സംഭവിച്ചത്. ശ്രീഹരിയുടെ ബന്ധുവായ ശ്രീക്കുട്ടി (17) ആണ് പൊഴിയിൽ മുങ്ങി താഴ്ന്നത്. ശ്രീക്കുട്ടിയെ നാട്ടുകാർ ചേർന്ന് രക്ഷപെടുത്തി. പൂന്തുറ പോലീസും ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയിരുന്നു.ശ്രീഹരിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. വെങ്ങാനൂർ ഗവ. മോഡൽ എച്ച്.എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ശ്രീഹരി. സംഭവത്തിൽ പൂന്തുറ പോലീസ് കേസെടുക്കുമെന്ന് അറിയിച്ചു.