ആ നിറഞ്ഞ പുഞ്ചിരി ഓർമ്മയിൽ നിന്ന് മായില്ല; സിദ്ദിഖില്ലാത്ത മലയാള സിനിമയുടെ ഒരു വർഷം

എന്നും പുഞ്ചിരിയോടെ മാത്രമല്ലാതെ അദ്ദേഹത്തെ ആരും കണ്ടിട്ടില്ല. സിനിമ മേഖലയിലെ എല്ലാവരെ സംബന്ധിച്ചും സഹോദര തുല്യനായിരുന്നു അദ്ദേഹം. വളരെ സിംപിളായ എന്നാൽ മലയാള സിനിമയിലെ ശക്തനായ സംവിധായകൻ സിദ്ദിഖിനെ ഒരു നൊമ്പരത്തോടെയല്ലാതെ ഓർമ്മിക്കാനാവില്ല. സിദ്ദിഖിൻ്റെ സാന്നിധ്യമില്ലാതെ ഒരു വർഷം കടന്നുപോയിട്ടും മലയാള സിനിമയ്ക്ക് അതംഗീകരിക്കാൻ, ഉൾകൊള്ളാൻ മലയാളികൾക്കും മലയാള സിനിമയ്ക്ക് മനസുകൊണ്ട് കഴിയുന്നില്ല. ഓർത്തുവയ്ക്കാൻ കഴിയുന്ന ഒട്ടേറെ സിനിമകളിലൂടെ മലയാളികളെ കുടുകുടെ ചിരിപ്പിച്ച സംവിധായകൻ, മലയാളത്തിൽ മാത്രമല്ല, ഭാഷകൾക്ക് അപ്പുറവും ബോക്സോഫീസിന്റെ 'ബോഡിഗാർഡ്' ആയ പാൻ ഇന്ത്യൻ ഹിറ്റ്‌മേക്കർ കൂടിയാണ്.കുടുംബത്തിൻ്റെ പട്ടിണി മാറ്റാൻ പുല്ലേപ്പടിയിലെ ഇസ്മയിലിന്റെ മകൻ തിരഞ്ഞെടുത്തത് അനുകരണകലയായിരുന്നു. കൊച്ചിൻ കലാഭവനും ഹരിശ്രീയിലും തെളിഞ്ഞ് നേരെ ഫാസിലന്റെ കളരിയിലേക്ക്. കൂട്ടുകാരൻ ലാലുമായി ചേർന്ന് ചിരിയുടെ മാലപ്പടക്കങ്ങൾക്ക് തിരി കൊളുത്തിയത് മയൂര ഹോട്ടലിലെ 205-ാം നമ്പർ മുറിയിൽ.സിദ്ദിഖിനെ കുറിച്ചോർക്കുമ്പോൾ സിദ്ദിഖ്-ലാൽ കൂട്ടുകെട്ടും പറയാതെ പോകാൻ സാധിക്കില്ല. 'റാംജി റാവ് സ്‌പീക്കിങ്' എന്ന സിനിമയിലൂടെ തുടങ്ങിയ സിദ്ദിഖ്-ലാൽ കൂട്ടുകെട്ട് മറക്കാനാവാത്ത സംഭാവനകളാണ് മലയാളത്തിന് നൽകിയത്. സായി കുമാർ എന്ന നടൻ, രേഖ എന്ന തെന്നിന്ത്യൻ നായിക, മാന്നാർ മത്തായി, ഗോപാലകൃഷ്ണൻ, ബാലകൃഷ്ണൻ തുടങ്ങിയ കഥാപാത്രങ്ങൾ, ഹിറ്റ് ഡയലോഗുകൾ എന്നിങ്ങനെ പോകുന്നു റാംജി റാവ് നൽകിയ സംഭാവനകൾ. സിനിമ മോഹികളായ ഇരുവരും ചേർന്ന്. സംവിധായകരോട് കഥപറഞ്ഞു കേൾപ്പിക്കുക എന്നത് ഒരു ഘട്ടത്തിൽ ഇരുവരുടെയും ജീവിതത്തിൻ്റെ തന്നെ ഭാഗമായിരുന്നു. ഇങ്ങനെ സംവിധായകൻ ഫാസിലിനോട് കഥപറയാൻ പോയതാണ് ഇരുവർക്കും വഴിത്തിരിവായത്. തുടർന്ന് ഇരുവരും ഫാസിലിൻ്റെ സഹസംവിധായകരായാണ് സിദ്ദിഖ്-ലാലുമാർ സിനിമാ ലോകത്തിലേക്ക് കടന്നുവരുന്നത്.സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1986ൽ പുറത്തിറങ്ങിയ 'പപ്പൻ പ്രിയപ്പെട്ട പപ്പൻ' ആയിരുന്നു സിദ്ദിഖും ലാലും ചേർന്നെഴുതിയ ആദ്യ തിരക്കഥ. ഇതേ പാറ്റേണിൽ വന്ന 'ഇൻ ഹരിഹർ നഗറും' സൂപ്പർ ഹിറ്റായി. തുടർന്നൊരുക്കിയ 'ഗോഡ് ഫാദർ' മലയാളത്തിലെ കൾട്ട് ക്ലാസിക് ഹിറ്റാണ്. എൻ എൻ പിള്ളയും, ഫിലോമിനയും അവതരിപ്പിച്ച അഞ്ഞൂറാനും ആനപ്പാറയിലെ അച്ചമ്മയും ഇവരുടെ മക്കളും കുടുംബവഴക്കുമായി പോയ സിനിമ ഏറ്റവും കൂടുതൽ ദിവസം തിയേറ്ററുകളിൽ പ്രദർശിപ്പിച്ച മലയാള സിനിമയാണ്.മിമിക്രിയുടെ പിൻബലത്തിൽ സരസമായ നർമ്മം ആദ്യം മുതൽ സിദ്ദിഖ്-ലാൽ സിനിമകളുടെ മുഖഛായയായി മാറിയിരുന്നു. എന്നാൽ മലയാള സിനിമയിലും പ്രേക്ഷകർക്കിടയിലും വലിയ ചർച്ചയും ഞെട്ടലുമായിരുന്നു സിദ്ദിഖ്-ലാൽ വേർപിരിയുന്നു എന്ന വാർത്ത.കൂട്ടുകെട്ട് പിരിഞ്ഞ ശേഷം സിദ്ദിഖ് ഒരുക്കിയ 'ഹിറ്റ്ലറും' 'ഫ്രണ്ട്സും' തുടങ്ങി 13 സിനിമകൾ ഒരുക്കി. 'ഹിറ്റ്ലറും' 'ഫ്രണ്ട്സും' നിർമ്മിച്ചത് ലാൽ തന്നെയായിരുന്നു. 'ക്രോണിക് ബാച്ചിലറും' കടന്ന് 'ബോഡി ഗാർഡിൽ' എത്തിയപ്പോൾ കൂട്ടുകെട്ട് മടങ്ങിവരുന്നത് കാണാൻ പ്രേക്ഷകർ ആവശ്യപ്പെട്ടു തുടങ്ങി. അവരൊന്നിച്ച് ഒരുക്കിയ കഥകളിലെ സ്വതസിദ്ധമായ നർമ്മമായിരുന്നു പ്രേക്ഷകർക്കാവശ്യം
ബോഡിഗാഡിന്റെ ഹിന്ദി പതിപ്പ് പത്തു ദിവസം കൊണ്ട് നൂറുകോടി ക്ലബിലെത്തിയപ്പോൾ ഒരു മലയാള സിനിമ സംവിധായകനിൽ നിന്ന് ബോളിവുഡിന് ബ്ലോക്ബസ്റ്റർ നൽകിയ പാൻ ഇന്ത്യൻ സംവിധായകനായി സിദ്ദിഖ്. 'ബിഗ്ബ്രദർ' എന്ന മോഹൻലാൽ ചിത്രമായിരുന്നു സിദ്ദിഖിന്റെ അവസാന ചിത്രം.
സിദ്ദിഖ് വിട്ടുപോയ വാർത്തയറിഞ്ഞ് നെഞ്ചുലഞ്ഞ് ഒടിവന്ന താരങ്ങളെ മലയാളികൾക്ക് ഇന്നും മറക്കാനാകില്ല. കണ്ണീർ പൊഴിക്കാതിരിക്കാൻ ധൈര്യം സംഭരിച്ച് വന്നവർ പലരും ആ ചിരിസുൽത്താന്റെ മുന്നിൽ പൊട്ടിക്കരഞ്ഞു. ഒന്നോ രണ്ടോ ഒരു കൂട്ടം ആളുകളെയോ അല്ല മുഴുവൻ മലയാള സിനിമയിലെ ചെറിയ വലിയ കലാകാരന്മാർക്കും സഹപ്രവർത്തകർക്കും താങ്ങാനാകാവുന്നതിലും വലിയ മുറിവായിരുന്നു, തമാശകൾ പറയാനും കുശലം ചോദിച്ച് വിളിക്കാനും ഒത്തുകൂടലുകളിൽ പങ്കാളിയാകാനും ഇനി അദ്ദേഹം ഉണ്ടാകില്ല എന്ന യാഥാർഥ്യം. ഓർത്തുചിരിക്കാൻ ഒരു സിനിമാക്കാലം തന്നെ സമ്മാനിച്ച മലയാളത്തിന്റെ സ്വന്തം സിദ്ധിഖിന് പ്രണാമം.🌹
മീഡിയ 16ന്യൂസ്‌