പ്രപഞ്ചത്തിന്‍റെയും ഭൂമിയുടെയും അതിമനോഹര ചിത്രങ്ങള്‍ എപ്പോഴും നാസ പകര്‍ത്താറുണ്ട്. ഇക്കൂട്ടത്തിലേക്ക് പുതുതായി ഇടംപിടിച്ചിരിക്കുകയാണ് പസഫിക് സമുദ്രത്തിന് മുകളിലായുള്ള ചന്ദ്രന്‍റെ അതിമനോഹര ചിത്രം. നാസയുടെ ബഹിരാകാശ സഞ്ചാരിയായ മാത്യൂ ഡൊമിനിക്കാണ് ഈ അതിശയ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ലോകത്തിന് സംഭാവനയായി മറ്റൊരു ഗംഭീര ചിത്രം കൂടി. മുമ്പും ഏറെ മനോഹര ബഹിരാകാശ ചിത്രങ്ങള്‍ പകര്‍ത്തി പ്രസിദ്ധനായ നാസയുടെ ബഹിരാകാശ സഞ്ചാരി മാത്യൂ ഡൊമിനിക്കാണ് ഈ ഫോട്ടോയും പകര്‍ത്തിയത്. പസഫിക് സമുദ്രത്തിന് മുകളില്‍ നില്‍ക്കുന്ന ചന്ദ്രന്‍ എന്ന തലക്കെട്ടോടെയാണ് ഡൊമിനിക്ക് ചിത്രം സാമൂഹ്യമാധ്യമമായ എക്‌സില്‍ പങ്കുവെച്ചിരിക്കുന്നത്. ഹവായ് ദ്വീപുകള്‍ക്കടുത്തുള്ള ഉഷ്ണമേഖലാ കൊടുങ്കാറ്റ് ചിത്രീകരിക്കാനായി കപ്പോളയിലേക്ക് (അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ഒരു ഒബ്സർവേറ്ററി മൊഡ്യൂള്‍) പോയതായിരുന്നു മാത്യൂ ഡൊമിനിക്ക്. കാറ്റ് കടന്നുപോയതും ചന്ദ്രന്‍ അവിടെ പ്രത്യക്ഷപ്പെട്ടതോടെയാണ് ഫോട്ടോ ക്ലിക്ക് ചെയ്‌തത് എന്ന് ഡൊമിനിക് വിശദീകരിക്കുന്നു.
ലക്ഷക്കണക്കിനാളുകളാണ് മാത്യൂ ഡൊമിനിക്കിന്‍റെ ചിത്രം കണ്ടത്. ഏറെ പേര്‍ ഈ മനോഹര ചിത്രത്തെ പ്രശംസിച്ചു.രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്ന് മാത്യൂ ഡൊമിനിക്ക് പകര്‍ത്തിയ ഇന്ത്യയുടെ ആകാശ ചിത്രം കഴിഞ്ഞ വാരം നാസ ട്വീറ്റ് ചെയ്തിരുന്നു. 'ഇന്ത്യക്ക് മുകളിലെ ഇടിമിന്നല്‍ രാത്രിക്കാഴ്‌ച' എന്ന അടിക്കുറിപ്പോടെയാണ് മാത്യൂ ഡൊമിനിക്ക് ചിത്രം പങ്കുവെച്ചത്. ബോട്ടുകളില്‍ നിന്നുള്ള ലൈറ്റുകളും മറ്റ് വിളക്കുകളും ഇടിമിന്നലും ചേര്‍ന്നപ്പോഴാണ് ഇന്ത്യയുടെ ആകാശത്ത് ഈ അവിസ്‌മരണീയ ചിത്രമുണ്ടായത് എന്ന് അദേഹം അന്ന് വിവരിച്ചിരുന്നു. ഡൊമിനിക് ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കുവെച്ച ഫോട്ടോ പിന്നീട് നാസ ഔദ്യോഗിക ട്വിറ്ററില്‍ നിന്ന് റീ-ട്വീറ്റ് ചെയ്യുകയായിരുന്നു. അന്നത്തെ ചിത്രത്തിനും വലിയ കയ്യടി ലഭിച്ചിരുന്നു.