*വരും ദിവസങ്ങളില്‍ തീവ്ര,അതിതീവ്ര മഴ മുന്നറിയിപ്പുകള്‍ ഇല്ല; എങ്കിലും ജാഗ്രത കൈവിടരുതെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്*

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആറ് ജില്ലകളില്‍ യെല്ലോ അലർട്ടാണ്. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഉമ്മറിയിപ്പ്. നാളെയും തുടരും. തീവ്ര,അതിതീവ്ര മഴ മുന്നറിയിപ്പുകള്‍ നിലവില്‍ ഇല്ല. എങ്കിലും ഈ ദിവസങ്ങളില്‍ ജാഗ്രത കൈവിടരുതെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്ത പ്രദേശങ്ങളില്‍ അതീവ ജാഗ്രത വേണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കണമെന്നും നദീതീരങ്ങളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും നിന്ന് ആളുകള്‍ മാറണമെന്നും മുന്നറിയിപ്പുണ്ട്.
ജലാശയങ്ങളില്‍ ഇറങ്ങരുതെന്നും കേരളാ തീരത്ത് ഉയർന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ടെന്നും കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മധ്യകേരളം മുതല്‍ തെക്കൻ ഗുജറാത്ത് തീരം വരെയായി ന്യൂനമർദ്ദപാത്തി നിലനില്‍ക്കുന്നുണ്ട്. മണ്‍സൂണ്‍ പാത്തിയും സജീവമാണ്. ഇതിന്‍റെ സ്വാധീനഫലമായാണ് കേരളത്തില്‍ മഴ തുടരുന്നത്.