വാഹനമോഷണം പ്രതി പിടിയിൽ.ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കറങ്ങിനടന്ന് മോഷണം നടത്തുന്ന വാഹന മോഷ്ടാവ് പാലോട് പൊലീസിന്റെ പിടിയിലായി.

പാലോട്:മടത്തറ മുല്ലശ്ശേരി കുഴിവിള പുത്തൻവീട്ടില്‍ സംജു (41) ആണ് പിടിയിലായത്. പാലോട് സ്വദേശിയുടെ സ്കൂട്ടർ മോഷ്ടിച്ചെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. 
കഴിഞ്ഞ മാസം പാങ്ങോട് സ്റ്റേഷൻ പരിധിയില്‍നിന്നും ഡിവൈ.എസ്.പി ഓഫീസില്‍ ജോലിയുള്ള പൊലീസുകാരൻ്റെ കാർ മോഷ്ടിച്ചതിന് അറസ്റ്റിലായിരുന്നു. ആ കേസില്‍ ജാമ്യത്തിലിറങ്ങിയ അതേ ദിവസമാണ് ഇയാള്‍ സ്കൂട്ടർ മോഷ്ടിക്കുന്നത്. 
പാങ്ങോട്, ചിതറ, ആറ്റിങ്ങല്‍, കിളിമാനൂർ എന്നീ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി വാഹനമോഷണ കേസുകള്‍ നിലവിലുണ്ട്. നെടുമങ്ങാട് ഡിവൈ.എസ്.പി കെ.എസ്. അരുണിന്റെ നിർദേശത്തില്‍ പാലോട് എസ്.എച്ച്‌.ഒ അനീഷ് കുമാർ, എസ്.ഐ ശ്രീനാഥ്, ജി .എസ്.സി .പി .ഒമാരായ രഞ്ജിത് രാജ്, സൂരജ്, ഷൈല ബീവി എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയ പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.