* കല്ലമ്പലം നാവായിക്കുളം സ്വദേശിനിയായ യുവതിക്ക് അമീബിക് മസ്തിഷ്‌കജ്വരം.*

 തിരുവനന്തപുരത്ത് ഒരാള്‍ക്കു കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കല്ലമ്പലം നാവായിക്കുളം സ്വദേശിനി ശരണ്യയിലാണ് (24) രോഗം കണ്ടെത്തിയത്. നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാതിരിക്കെയാണ് വീണ്ടും രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ച ശരണ്യയുടെ സ്രവ പരിശോധനാഫലം ഇന്നലെയാണു ലഭിച്ചത്. അടുത്തിടെ നാവായിക്കുളം പഞ്ചായത്തിലെ ഇടമണ്ണിലെ തോട്ടില്‍ കുളിച്ചിരുന്നുവെന്ന് ശരണ്യ ആരോഗ്യ പ്രവര്‍ത്തകരോട് പറഞ്ഞു.

നെയ്യാറ്റിന്‍കര കണ്ണറവിള, പേരൂര്‍ക്കട സ്വദേശികള്‍ക്കു പിന്നാലെയാണ് ജില്ലയില്‍ മൂന്നാമതൊരു സ്ഥലത്തും രോഗബാധ സ്ഥിരീകരിക്കുന്നത്. ഇതോടെ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഏഴ് ആയി. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജര്‍മനിയില്‍ നിന്നെത്തിച്ച മരുന്നുള്‍പ്പെടെയാണ് രോഗികള്‍ക്ക് നല്‍കുന്നത്.

രോഗം ബാധിച്ച് നെയ്യാറ്റിന്‍കര കണ്ണറവിള പൂതംകോട് സ്വദേശി അഖില്‍ (27) കഴിഞ്ഞ മാസം 23ന് മരിച്ചിരുന്നു. തുടര്‍ന്ന് ഇയാളുടെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് കൂടി രോഗം ബാധിച്ചു. ഇവരെല്ലാം കണ്ണറവിള കാവില്‍കുളത്തില്‍ കുളിച്ചവരായിരുന്നു. പിന്നാലെ പേരൂര്‍ക്കട മണ്ണാമൂല സ്വദേശിക്കും രോഗബാധയുണ്ടായി. പൊതുകുളം ഉപയോഗിക്കാത്ത പേരൂര്‍ക്കട സ്വദേശിക്കു രോഗമുണ്ടായത് എവിടെനിന്നാണെന്നു കണ്ടെത്താനായിട്ടില്ല.

കഴിഞ്ഞദിവസം, ആരോഗ്യവകുപ്പ് അധികൃതര്‍ കാവിന്‍കുളത്തിലെ കലങ്ങിയ വെള്ളം ശേഖരിച്ചു പരിശോധനയ്ക്ക് നല്‍കിയെങ്കിലും ഫലം ലഭിച്ചിട്ടില്ല. മുന്‍പ് കുളത്തില്‍ നിന്ന് ശേഖരിച്ചത് തെളിഞ്ഞ വെള്ളമായതിനാല്‍ പരിശോധനയില്‍ അമീബയുടെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. ലോകത്ത് ഇതുവരെ 200 പേര്‍ക്കു മാത്രമാണ് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചിട്ടുള്ളതെന്നിരിക്കെ, ജില്ലയില്‍ മൂന്നിടത്തായി ഇത്രയും പേര്‍ക്ക് രോഗബാധയുണ്ടായത് ആശങ്കയുണ്ടാക്കുന്നു.