അരസിയല്‍ മന്നനാകാന്‍ വിജയ്; തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം വിക്രവണ്ടിയില്‍

ബെംഗളൂരു: തമിഴ് സൂപ്പര്‍ താരം വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം അടുത്ത മാസം നടന്നേക്കും. അടുത്ത മാസം മൂന്നാം വാരം സമ്മേളനം നടത്താനുളള നീക്കങ്ങള്‍ സജീവമായതായാണ് റിപ്പോര്‍ട്ട്. വിഴുപ്പുറം ജില്ലയിലെ വിക്രവണ്ടിയില്‍ സമ്മേളനത്തിനുള്ള അനുമതി ലഭിച്ചതായാണ് വിവരം.


നേരത്തെ തിരുച്ചിറപ്പള്ളിയില്‍ സമ്മേളന വേദി നോക്കിയിരുന്നെങ്കിലും പൊലീസ് അനുമതി നിഷേധിച്ചിരുന്നു. സെപ്റ്റംബര്‍ 5 ന് റിലീസാകാനിരിക്കുന്ന ദ ഗോട്ട് സിനിമയുടെ ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും പാര്‍ട്ടിയുടെ സമ്മേളനം സംബന്ധിച്ച കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. സെപ്റ്റംബര്‍ 12 ന് പാര്‍ട്ടി പതാക അവതരിപ്പിക്കാനുള്ള ശ്രമങ്ങളും അണിയറയില്‍ പുരോഗമിക്കുന്നുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിജയ് പാര്‍ട്ടി പ്രഖ്യാപിച്ചത്. തമിഴ്നാട്ടിലെ സാമൂഹ്യ - ജനകീയ വിഷയങ്ങളിലെല്ലാം ഇടപെട്ടു പ്രവര്‍ത്തിക്കുകയാണ് വിജയുടെ തമിഴക വെട്രി കഴകം. 2026 ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വിജയ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.