ദാരിദ്ര്യത്തിന്‍റെയും കെടുതിയുടെയും പഞ്ഞക്കർക്കിടകത്തിന് വിട നല്‍കിയാണ് സമ്പൽസമൃദ്ധിയുടേയും ഐശ്വര്യത്തിന്‍റെയും ചിങ്ങം വന്നെത്തുന്നത്. ഞാറ്റ്പാട്ടിന്‍റെയും കൊയ്ത്തുപാട്ടിന്‍റെയും ഈരടികള്‍ നിറയുന്ന പുതുവർഷപ്പുലരിയാണ് മലയാളിക്ക് ചിങ്ങം ഒന്ന്. പതിവ് പോലെ ഇത്തിരി ഗൃഹാതുരത, ഗ്രാമത്തിൻ മണം, മമത, ഒടുക്കമൊരു ദീർഘനിശ്വാസവും കൊണ്ട് തീർന്നുപോകേണ്ട ഒന്നല്ല ഇത്തവണത്തെ ചിങ്ങപ്പുലരി. പിറവി കൊണ്ടത് ഒരു നൂറ്റാണ്ട് കൂടിയാണ്.മലയാളക്കരയുടെ തനതു കലണ്ടറായ കൊല്ലവര്‍ഷത്തില്‍ പുതിയ നൂറ്റാണ്ട് പിറക്കുകയാണ്. പതിമൂന്നാം നൂറ്റാണ്ടിലേക്കാണ് ഇനി മലയാളികള്‍. 22 ദിനം കൂടി കഴിഞ്ഞാൽ പൊന്നോണം പൂവിളിയും പൂക്കുലകളുമായി നാട് നിറയും. തുമ്പയും തുളസിയും മുക്കുറ്റിയുമെല്ലാം തൊടിയിൽ നിറയുന്ന സ്വർണവർണമുള്ള നെൽക്കതിരുകള്‍ പാടത്ത് വിളയുന്ന കാലം. മാനം തെളിയുന്നതിന്‍റെ തുടക്കം. കർഷക ദിനം കൂടിയാണ് നമുക്ക് ഇന്ന്. കാലവും കാലാവസ്ഥയും മാറുന്നുവെങ്കിലും ഒരു പിടി നല്ല ഓർമ്മകളുടെ മാസം കൂടിയാണ് ചിങ്ങം.ചിങ്ങപ്പുലരിയിൽ ശബരിമല ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക്. പുലർച്ചെ അഞ്ചിന് മേൽശാന്തി പി എൻ മഹേഷ് നട തുറന്നു.