താര സംഘടനയായ അമ്മയില്‍ പ്രതിസന്ധി രൂക്ഷം. അമ്മയിലെ മുഴുവന്‍ ഭാരവാഹികളും രാജിവയ്ക്കുന്നത് പോലും പരിഗണനയിലുണ്ട്. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണം വൈകിയതിന്റേയും സിദ്ദിഖിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടേയും പേരിലാണ് ഈ ആലോചന. സിദ്ദിഖിനെതിരെ വളരെ മുമ്പ് തന്നെ ആരോപണം ഉയര്‍ന്നിരുന്നു. എന്നിട്ടും അമ്മയുടെ താക്കോല്‍ സ്ഥാനത്തേക്ക് മോഹന്‍ലാലിന്റെ പാനലില്‍ സിദ്ദിഖ് മത്സരിച്ചു. ഇത് ലാലിനുണ്ടായ വീഴ്ചയായി വിലയിരുത്തുന്നു. ഹേമാ കമ്മറ്റിയില്‍ ഇനിയും മറുപടി പറയാന്‍ കഴിയാത്ത പ്രസിഡന്റ് എന്തിനെന്ന ചോദ്യവും ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ മോഹന്‍ലാല്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. എല്ലാവരും രാജിവച്ച് പുതിയ തിരഞ്ഞെടുപ്പ് എന്ന ചിന്തപോലും സംഘടനയില്‍ സജീവമാണ്.
ഹേമാ കമ്മറ്റിയില്‍ വാര്‍ത്താസമ്മേളനം നടത്തി നിലപാടു വ്യക്തമാക്കിയ ‘അമ്മ’ ജനറല്‍ സെക്രട്ടറി സിദ്ദിഖിനു തന്നെ ആരോപണങ്ങളുടെ മൂര്‍ച്ചയില്‍ അരങ്ങൊഴിയേണ്ടി വന്നത് 506 അംഗങ്ങളുള്ള സംഘടനയ്ക്കു കടുത്ത ക്ഷീണമായി. യുവനടിയുടെ ആരോപണം പൊലീസ് കേസിലേക്കു നീങ്ങിയാല്‍ സ്ഥിതി കുഴപ്പത്തിലാകുമെന്ന ആശങ്ക രാജി വേഗത്തിലാക്കി. ഈ സാഹചര്യമുണ്ടാക്കിയത് മോഹന്‍ലാലിന്റെ നിലപാടില്ലായ്മയാണെന്നാണ് വിമര്‍ശനം. തല്‍കാലം മമ്മൂട്ടി വിവാദങ്ങളില്‍ ചര്‍ച്ചകള്‍ക്ക് പോലും തയ്യാറല്ല. ഇതും സംഘടനയെ വെട്ടിലാക്കുന്നു. സിദ്ദിഖ് പറഞ്ഞതിനെ തള്ളിയില്ലെങ്കിലും ജഗദീഷിന്റെ നിലപാടുകള്‍ക്കാണു പൊതുസമൂഹം കയ്യടിച്ചത്. ജഗദീഷ് സംഘടനയിലെ പൊതുസ്വീകാര്യനായി മാറുന്നുണ്ട്.
അമ്മ തിരഞ്ഞെടുപ്പില്‍ സിദ്ദിഖ് ഉള്‍പ്പെടെയുള്ളവരുടെ പാനലിനെ വെല്ലുവിളിച്ച് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചു ജയിച്ച ജയന്‍ ചേര്‍ത്തലയും നേതൃത്വത്തിന് എതിരാണ്. അമ്മയുടെ അപ്രഖ്യാപിത ശത്രുവായ ഡബ്ല്യുസിസിയുടെ നിലപാടിനെ ജയന്‍ പ്രശംസിച്ചപ്പോള്‍ ജഗദീഷും അവര്‍ക്കൊപ്പമായി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അന്‍സിബ ഹസന്‍, ഉര്‍വശി, ശ്വേത മേനോന്‍ തുടങ്ങിയവരെല്ലാം തുറന്ന വിമര്‍ശനം നടത്തി. മോഹാന്‍ലാലിന് പ്രതികരണ ശേഷിയില്ലെന്ന് ഷമ്മി തിലകന്‍ പ്രതികരിച്ചു. സിദ്ദിഖിനെതിരെ ആരോപണം ഉയര്‍ന്ന ഉടനെ ജനറല്‍ സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിന് ഒരു അംഗം ഇമെയില്‍ അയച്ചിരുന്നു. ഇതെല്ലാം അമ്മയില്‍ അസാധാരണമാണ്.
‘അമ്മ’ സംഘടനയുടെ 17 അംഗ എക്‌സിക്യൂട്ടീവ് നാളെ കൊച്ചിയില്‍ യോഗം ചേരുന്നുണ്ട്. ജനറല്‍ ബോഡി വിളിച്ചുചേര്‍ക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ജനറല്‍ സെക്രട്ടറിയുടെ ചുമതല താല്‍ക്കാലികമായി ജോയിന്റ് സെക്രട്ടറി ബാബുരാജിനു നല്‍കി. ജനറല്‍ ബോഡി വിളിച്ച് എല്ലാവരും സ്ഥാനമൊഴിയുന്നതും ആലോചനയിലുണ്ട്. വാശിയേറിയ തിരഞ്ഞെടുപ്പില്‍ വിജയിച്ച സിദ്ദിഖിനു രണ്ടു മാസം പോലും തികയും മുന്‍പാണു സ്ഥാനം ഒഴിയേണ്ടിവന്നത്. ഈ സാഹചര്യത്തില്‍ മോഹന്‍ലാല്‍ കൂടി മാറിയാല്‍ സംഘടനയെ ആരു നയിക്കുമെന്ന ചോദ്യം സൂപ്പര്‍ താരങ്ങള്‍ക്കിടയിലുണ്ട്. ആരെങ്കിലും നയിക്കട്ടേ എന്ന നിലപാട് ചില യുവ താരങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും രാജിവച്ച് തിരഞ്ഞെടുപ്പ് എന്ന ചിന്തയെ ജഗദീഷും പിന്തുണയ്ക്കുന്നുണ്ട്.
ഹേ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ തന്നെ സംഘടനയുടെ പ്രതികരണം ഏതു രീതിയിലാകണമെന്ന് ആശയക്കുഴപ്പമുണ്ടായിരുന്നു. റിപ്പോര്‍ട്ട് പഠിച്ചശേഷം മതിയെന്നും പെട്ടെന്ന് എടുത്തുചാടി പ്രതികരിച്ചു കുഴപ്പത്തിലാകരുതെന്നും ഒരു വിഭാഗം വാദിച്ചു. ഇതിനിടെയാണ് സംഘടനയിലെ കൂടുതല്‍ അംഗങ്ങള്‍ക്കെതിരേ ലൈംഗികാരോപണമടക്കം ഉയരുന്ന സാഹചര്യത്തില്‍ നേതൃത്വമൊഴിയാന്‍ മോഹന്‍ലാല്‍ സന്നദ്ധതയറിയിച്ചെന്നാണു വിവരം ചര്‍ച്ചയാകുന്നത്. അംഗങ്ങളായ നടിമാരുടെ പരാതികള്‍ അവഗണിച്ചെന്നും ”അമ്മ”യ്ക്കെതിരേ ആരോപണമുണ്ട്.
സംഘടനാനേതൃത്വം ഒഴിയുന്നതു സംബന്ധിച്ച് ഒരു ആത്മീയനേതാവിന്റെ ഉപദേശം മോഹന്‍ലാല്‍ തേടിയതായും റിപ്പോര്‍ട്ടുണ്ട്. സംഘടന വന്‍പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ സൂപ്പര്‍താരം ഉത്തരവാദിത്വത്തില്‍നിന്നു മാറിനില്‍ക്കുകയല്ല വേണ്ടതെന്നും അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ജനറല്‍ സെക്രട്ടറിക്കു പിന്നാലെ പ്രസിഡന്റും സ്ഥാനമൊഴിഞ്ഞാല്‍ സംഘടന കൂടുതല്‍ സംശയനിഴലിലാകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.