വേഗത ആവേശമല്ല, ആവശ്യം മാത്രം

മനുഷ്യൻ്റെ ഓട്ടം എന്നും വേഗത അഥവാ Speedന് പുറകെ ആയിരുന്നു, ഇന്നും ആണ് എന്നും ആയിരിക്കുകയും ചെയ്യും

ചലനം ജീവൻ്റെ ലക്ഷണമാണ്. ശരീരചലനത്തിൻ്റെ ഏകകമാണ് വേഗത. ചലനഭൗതികതയുടെ സാരഥിയായി ഉള്ളിൽ വർത്തിക്കുന്ന മനസ്സ് അരൂപിയായ ഒരു പ്രതിഭാസമാണ്. അതിൻ്റെ വേഗത ഊഹിക്കാൻ കഴിയുന്നതിനപ്പുറമുള്ള അനിയന്ത്രിതമായ ഒന്നുമാണ്. ശരീരത്തിൽ എവിടെയെന്നറിയാത്ത മനസ്സ് വേഗതാജനകവും വേദനാജനകവുമാണ്

മനസ്സിൻ്റെ വേഗതയ്ക്കൊപ്പമെത്താനുള്ള പ്രാഥമിക‘യന്ത്രം‘ സ്വശരീരം തന്നെയാണ്. സമയം ഒരു പ്രധാന ഘടകമായപ്പോൾ ശരീരവേഗം ഒരു പരിമിതിയായി. കൂടിയ വേഗതയ്ക്കായുള്ള നെട്ടോട്ടം മോട്ടോർ വാഹനങ്ങൾ അഥവാ ഓട്ടോമൊബൈലുകളിലേക്ക് മനുഷ്യനെ എത്തിച്ചു. സമയലാഭത്തിനായി വികസിപ്പിക്കപ്പെട്ട വേഗയന്ത്രങ്ങൾ മാത്രമാണ് വാഹനങ്ങൾ

പ്രകൃതിയിലെ വിവിധ മാദ്ധ്യമങ്ങൾക്കനുസൃതമായി വിവിധ സാങ്കേതികതകൾ വികസിപ്പിക്കപ്പെട്ടു. കര-ജലം-വായു-ആകാശ മാദ്ധ്യമങ്ങളിൽ കരമാർഗ്ഗമുള്ള മോട്ടോർ വാഹനങ്ങൾ പക്ഷെ, മറ്റു മാദ്ധ്യമങ്ങളിൽ നിന്നും വ്യത്യസ്തമായി വ്യക്തിഗത യാത്രകൾക്ക് അനുയോജ്യമായ വ്യക്തിഗതനിയന്ത്രണം സാദ്ധ്യമായ ഒന്നാണ്. ചലിക്കുന്ന മാദ്ധ്യമത്തിൻ്റെ പ്രതിബന്ധങ്ങളെ ഒരു പരിധി വരെ തരണം ചെയ്യാനുള്ള സാങ്കേതികക്കരുത്തും അവയ്ക്കുണ്ട്. അതിനാൽതന്നെ അതിൻ്റെ ചാലകമാദ്ധ്യമത്തിൽ മുന്നൊരുക്കങ്ങൾക്കും സുരക്ഷാ സംവിധാനങ്ങൾക്കും അത്ര പ്രാധാന്യം കല്പിക്കപ്പെട്ടിരുന്നില്ല

ഇന്നു പക്ഷെ വാഹനങ്ങൾ, യാത്രകൾ, ആവശ്യങ്ങൾ, ആവേശം ഒക്കെ ഏറിയതിൻ്റെ ഫലമായി അപകടജീവഹാനികൾ അനിയന്ത്രിതമായപ്പോൾ മോട്ടോർ വാഹനങ്ങളുടെ മാദ്ധ്യമമായ റോഡുകൾക്ക് നിയതരൂപവും നിയന്ത്രണോപാധികളും സുരക്ഷാമാനദണ്ഡങ്ങളും അനിവാര്യമായി. വ്യക്തിനിയന്ത്രിതമായ ഈ ഗതികോർജ്ജയന്ത്രത്തിൻ്റെ സുഗമനവും സുരക്ഷയും വാഹനതരമനുസരിച്ച് സാരഥിയുടെ പ്രവൃത്തികളിലും മനോനിലയിലും മാത്രമാണധിഷ്ഠിതവും

വാഹനങ്ങളുടെ ഏകനേട്ടം വേഗതയാണ്. ഡ്രൈവിംഗ് വേഗനിയന്ത്രണം മാത്രവുമാണ്. നിർഭാഗ്യവശാൽ വേഗത തന്നെയാണ് യാത്രികരുടെ അവസാനയാത്രയ്ക്കും ഹേതുവാകുന്നത് എന്നതാണ് വൈരുദ്ധ്യം. മഹാഭൂരിപക്ഷം അപകടങ്ങളുടേയും പ്രാഥമികവും അടിസ്ഥാനപരവുമായ കാരണം വേഗത മാത്രമാണ്

ശരീരം പോലെ യന്ത്രത്തിനും വേഗപരിമിതികളുണ്ട്. ഓരോ വാഹനങ്ങൾക്കും ട്രാഫിക്-റോഡ് സാഹചര്യങ്ങൾക്കും കാലാവസ്ഥയ്ക്കും ശരീരമനോനിലകൾക്കും അനുസൃതമായ വേഗതയിലാവണം ഡ്രൈവിംഗ്. റോഡ്മാർക്കിംഗുകൾ, വേഗനിയന്ത്രണചട്ട ൾ, സുരക്ഷാനിർദ്ദേശങ്ങൾ ഇവ ഏറെ പ്രസക്തമാണ്. സ്വയം കർശനമാക്കുക മാത്രമാണ് ഒറ്റമൂലി
No Cure, only Secure
സ്വയം നിയന്ത്രിക്കുക അതാണ് സ്വാതന്ത്ര്യം

Speed Skill thrills, but ills and kills too