മുണ്ടക്കൈയിൽ ഓഫ് റോഡ്/ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ നടത്തിയത് സമാനതകളില്ലാത്ത രക്ഷാ പ്രവർത്തനമാണ്.

ഉരുൾപൊട്ടലിനു ശേഷം രക്ഷപ്പെടുത്താൻ മനുഷ്യർ നിലവിളിക്കുമ്പോൾ, രക്ഷിക്കാൻ വേണ്ടി എത്തിപ്പെടാൻ കഴിയാതെ പകച്ച് നിന്നപ്പോൾ അവരെത്തി. പിന്നീട് നടന്നത് ചരിത്രം. മുണ്ടക്കൈയിൽ ഓഫ് റോഡ്/ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ നടത്തിയത് സമാനതകളില്ലാത്ത രക്ഷാ പ്രവർത്തനമാണ്.

മലകയറിയെത്തിയ ഈ വാഹനങ്ങളിലാണ് മുണ്ടക്കൈ ജീവിതത്തിലേക്ക് കൈ പിടിച്ചത്. സന്നദ്ധ പ്രവർത്തകരെയും സർക്കാർ ഉദ്യോഗസ്ഥരെയും മുകളിലെത്തിക്കാൻ മാത്രമല്ല; ഭക്ഷണവും രക്ഷാ സാമഗ്രികളുമായി മലകയറുന്നതിലും നിർണ്ണായകമായി. മൃഗങ്ങളും ചെളിയിൽപെട്ടുപോയ മനുഷ്യരും ഓഫ് റോഡ് വാഹനങ്ങളിലൂടെ മലയിറങ്ങി. 

മുണ്ടക്കൈയിലെ സ്വകാര്യ റിസോർട്ടുകളുടെ പാക്കേജുകളുടെ ഭാഗമായി ഓഫ് റോഡ് വാഹനങ്ങൾ മല കയറാറുണ്ട്. അതുകൊണ്ടുതന്നെ മേപ്പാടിയിലെയും പരിസരത്തെയും പല ഡ്രൈവർമാർക്കും ഈ വഴികളും അതിന്റെ പ്രത്യേകതകളും പരിചിതമാണ്. അതിനുപുറമേ, മലപ്പുറത്തുനിന്നും കോഴിക്കോടുനിന്നും വാഹനങ്ങളുമായി എത്തിയ ഡ്രൈവർമാരും ദുരന്തമേഖലയിൽ നടത്തുന്നത് നിർണായക പ്രവർത്തനമാണ്. 

വിവിധ ഓഫ് റോഡ് ക്ലബുകളാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സാധാരണ വാഹനങ്ങൾ കൊണ്ട് എത്തിപ്പെടാൻ പറ്റാത്തയിടങ്ങളിലെ രക്ഷാസംഘാംഗങ്ങൾക്ക് ഭക്ഷണവും വെള്ളവും പല സർക്കാർ വകുപ്പുകൾ പോലുമെത്തിക്കുന്നത് ഇവരുടെ സഹായത്തോടെയാണ്. ചെളിയിൽ പുതഞ്ഞുപോകുന്ന ആംബുലൻസ് അടക്കമുള്ള വാഹനങ്ങളെ വലിച്ചുകയറ്റുന്നതും ഓഫ്റോഡ് വാഹനങ്ങളാണ്. 

സൈനികർ പോലും ആശ്രയിച്ചത് ഈ വാഹനങ്ങളെയാണ്. സൈനികരുടെ സല്യൂട്ട് വാങ്ങിയാണ് ഓഫ്റോഡ് ഡ്രൈവർമാർ നമുക്ക് അഭിമാനമായത്. ഓഫ്റോഡ് ഡ്രൈവർമാർ, അവരുടെ വാഹനങ്ങൾ നാടിന് എങ്ങനെ ഉപകാരപ്പെട്ടു എന്ന് മുണ്ടക്കൈ ദുരന്തം നമുക്ക് കാണിച്ച് തന്നു. നിങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല…

#offroadkerala #wayanadlandslide #WayanadDisaster #mundakkai #Chooralmala #Tsiddique #meppadi #landslide #offroadwayanad