*അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച തിരുവനന്തപുരത്ത് നിരീക്ഷണം കർശനമാക്കാൻ*

 ആരോഗ്യവകുപ്പ്. നിരീക്ഷണത്തിലുള്ള ഒരാളുടെ സാമ്പിൾ ഫലം ഇന്ന് കിട്ടിയേക്കും. രോഗം സ്ഥിരീകരിച്ച നാല് പേർ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. കഴിഞ്ഞ 23ന് മരിച്ച യുവാവ് ഉൾപ്പെടെ അഞ്ച് പേർക്കാണ് ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികളാണ്. ചികിത്സയിലുള്ള ഒരാളുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളുണ്ട്.
മറ്റുള്ളവരുടെ നില തൃപ്തികരമാണ്. രോഗബാധ ഉറവിടമെന്ന് കരുതുന്ന കാവിൻകുളത്തിൽ കുളിച്ച കൂടുതൽ പേർക്ക് രോഗം പടരാനുള്ള സാധ്യത ആരോഗ്യവകുപ്പ് മുന്നിൽ കാണുന്നുണ്ട്. ഛർദി, തലവേദന, കഴുത്തിന്റെ പിൻഭാഗത്ത് വേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ചികിത്സ തേടണം എന്നാണ് നിർദ്ദേശം. തിരുവനന്തപുരത്ത് ആദ്യമായാണ് അമീബിക്ക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്യുന്നത്.