കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ പാലക്കാട് സിറ്റിംഗ് പാലക്കാട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. കമ്മീഷൻ അംഗം എ. സൈഫുദീൻ ഹാജി ഹർജികൾ പരിഗണിച്ചു.
കമ്മീഷന്റെ പരിഗണയ്ക്കെത്തിയ അഞ്ച് പരാതികളിൽ ഒരെണ്ണം തീർപ്പാക്കി.
ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട, ശ്രവണ - സംസാര വൈകല്യമുള്ള, വെസ്റ്റ് യാക്കര സ്വദേശി ഓടിച്ച ഇരുചക്രവാഹനം മറ്റൊരു വാഹനവുമായി കൂട്ടിമുട്ടിയുണ്ടായ അപകടത്തിൽ ഇരുകൂട്ടർക്കും പരിക്ക് പറ്റുകയും നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തെങ്കിലും പാലക്കാട് ടൗൺ സൗത്ത് പോലീസ് ഒരാളുടെ പരാതി മാത്രം സ്വീകരിച്ച് കേസ് രജിസ്റ്റർ ചെയ്തു എന്ന ഹർജിയിൽ ഇരുകൂട്ടരുടെയും പരാതിയിന്മേൽ പതിനഞ്ച് ദിവസത്തിനകം കേസ് രജിസ്റ്റർ ചെയ്യാൻ കമ്മീഷൻ സ്റ്റേഷൻ ഹൌസ് ഓഫീസർക്ക് നിർദേശം നൽകി.
ഭൂരഹിത ഭവന രഹിതർക്ക് ഭൂമിയും ഭവനവും ലഭ്യമാക്കുന്നതിനുള്ള പദ്ധതിക്കായി അപേക്ഷ സമർപ്പിക്കുകയും ഗുണഭോക്തൃലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്തെങ്കിലും ആനുകൂല്യം ലഭ്യമായില്ലെന്ന പുതുനഗരം സ്വദേശിനിയുടെ പരാതി പരിഗണിച്ച കമ്മീഷൻ പ്രസ്തുത പദ്ധതി ഇപ്പോൾ നിലവിലില്ലായെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ട് അംഗീകരിക്കുകയും മറ്റേതെങ്കിലും സന്നദ്ധസംഘടനകൾ വഴി പരാതിക്കാരിയുടെ പരാതി പരിഹരിക്കാൻ നിർദേശിക്കുകയും ചെയ്തു.
ന്യൂനപക്ഷ പദവി ലഭിക്കാൻ അർഹതയുണ്ടായിട്ടും എൻ. ഒ. സി. ലഭിക്കുന്നില്ലായെന്ന പട്ടാമ്പി സെന്റ് പോൾ ഇംഗ്ലീഷ് മീഡിയം സ്കൂൾ അധികൃതരുടെ പരാതിയിൽ കമ്മീഷൻ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറോട് വിശദീകരണം തേടി.
സഹപ്രവർത്തകർ മാനസികമായി പീഡിപ്പിക്കുന്നുവെന്ന പുതുപ്പരിയാരം സ്വദേശിയുടെ പരാതിയിൽ, പരാതിക്കാരന് വസ്തുതകളുടെ അടിസ്ഥാനത്തിൽ പരാതി തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തിൽ തുടർനടപടികൾ അവസാനിപ്പിച്ചു.
ഉർദു ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് ഹയർ സെക്കന്ററി തലത്തിൽ അതിനുള്ള സൗകര്യമില്ലെന്നും സൗകര്യമൊരുക്കണമെന്നുമുള്ള കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷന്റെ നിവേദനം തുടർനടപടികൾക്കായി സർക്കാരിന് കൈമാറി കമ്മീഷൻ ഉത്തരവായി.