മദ്യ ലഹരിയില്‍ പുഴയില്‍ ചാടി ജീവനൊടുക്കാന്‍ എത്തിയ യുവാവ് പാലത്തിനോട് ചേര്‍ന്നുള്ള ജല അതോറിറ്റി പൈപ്പുകള്‍ക്കിടയില്‍ കിടന്ന് ഉറങ്ങിപ്പോയി. പുഴയിലേക്ക് വീഴുന്ന തരത്തില്‍ കിടന്ന് ഉറങ്ങിയ ഇയാളെ പൊലീസ് എത്തിയാണ് രക്ഷിച്ചത്.മൂവാറ്റുപുഴ കച്ചേരിത്താഴം പാലത്തിന് സമീപം ഇന്നലെ മൂന്നോടെയാണ് സംഭവം. പള്ളുരുത്തി സ്വദേശി കല്ലുചിറ അസീബ് ( 38) ആണ് പാലത്തിലെ പൈപ്പുകള്‍ക്കിടയില്‍ കിടന്ന് ഉറങ്ങിപ്പോയത്.പാലത്തില്‍ നിന്നു പുഴയില്‍ ചാടി ജീവനൊടുക്കാന്‍ എത്തിയതായിരുന്നു അസീബ്. എന്നാല്‍ പുഴയിലേക്ക് ചാടാനായി പഴയ പാലത്തിന്റെ കൈവരികള്‍ കടന്ന് ജല അതോറിറ്റി പൈപ്പുകളില്‍ നില്‍ക്കുമ്പോഴാണ് ഉറക്കം വന്നത്. അസീബ് പാലത്തിലൂടെ നടന്നുപോകുന്നത് കണ്ട ചില നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. പിന്നാലെ എസ്‌ഐ കെ.കെ. രാജേഷിന്റെ നേതൃത്വത്തില്‍ എത്തിയ പൊലീസ് സംഘം അസീബിനെ ഇവിടെ നിന്നു പുറത്തെത്തിച്ച് സ്റ്റേഷനിലേക്ക് മാറ്റി.