ടാറ്റ, അശോക് ലൈലാൻഡ്, ഐഷർ എന്നീ കമ്പനികൾക്ക് കെഎസ്ആർടിസി ടെൻഡർ കൊടുത്തതായാണ് റിപ്പോർട്ട്. ഒക്ടോബറോടെ ബസുകൾ കെഎസ്ആർടിസിക്ക് ലഭിക്കും. യാത്രാദുരിതമുള്ള ഗ്രാമീണ റോഡുകളിൽ ബസുകൾ സർവീസിനിറക്കാനാണ് കെഎസ്ആർടിസിയുടെ പദ്ധതി. കൂടാതെ, നിലവിലുള്ള റൂട്ടുകളിലും മിനി ബസുകൾ ഓടിക്കാൻ കെഎസ്ആർടിസി ആലോചിക്കുന്നുണ്ട്. വലിയ ബസുകൾക്ക് പരിമിതിയുള്ള റൂട്ടുകളിൽ മിനി ബസുകൾ ഇറക്കി വരുമാനം നേടാനുള്ള ലക്ഷ്യവും കെഎസ്ആർടിസിക്കുണ്ട്. ഇത്തരം റൂട്ടുകൾ കണ്ടെത്താൻ ഡിപ്പോകളെ നിയോഗിച്ചിട്ടുണ്ട്.
ടാറ്റ കമ്പനിയിൽനിന്ന് 33 സീറ്റുള്ള ബസുകളാണ് കെഎസ്ആർടിസി വാങ്ങുന്നത്. അശോക് ലൈലാൻഡിൽനിന്ന് വാങ്ങുന്ന മിനി ബസിൻ്റെ സിറ്റെണ്ണം 36 ആണ്. ഐഷറിൽനിന്ന് വാങ്ങുന്ന ബസിന് 28 സീറ്റാണ് ഉള്ളത്. മെച്ചപ്പെട്ട മൈലേജും ഡീസൽ ചെലവ് കുറവും കണക്കിലെടുത്താണ് മിനി ബസുകൾ വാങ്ങാൻ കെഎസ്ആർടിസി തയ്യാറെടുത്തത്. നാല് സിലിണ്ടർ, 120 എച്ച്പി ബസുകൾ കെഎസ്ആർടിസിയുടെ ഡീസൽ ചെലവ് ഗണ്യമായി കുറയ്ക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നേരത്തെ മിനി ബസുകൾ വാങ്ങി തിരിച്ചടി നേരിട്ട അനുഭവം കെഎസ്ആർടിസിക്ക് ഉണ്ട്.
10 മീറ്റർ നീളമുള്ളവയാണ് മിനി ബസുകൾ. നിരീക്ഷണ കാമറകൾ, എൽഇഡി ടിവി, മ്യൂസിക് സിസ്റ്റം എന്നിവയും ബസിലുണ്ടാകും. 23 മുതൽ 25 ലക്ഷം രൂപ വരെയാണ് മിനി ബസുകളുടെ വില. മിനി ബസുകൾ പ്രീമിയം സൂപ്പർഫാസ്റ്റായി ഓടിച്ചാൽ വരുമാനം കൂടുമെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കിയിരുന്നു.
ടാറ്റയുടെ 3300 സിസി ഡീസൽ എഞ്ചിൻ കരുത്തിൽ പ്രവർത്തിക്കുന്ന 40 സീറ്റുകളുള്ള എസി പ്രീമിയം ബസുകളുടെ സർവീസ് ഈ വർഷം മേയിൽ കെഎസ്ആർടിസി ആരംഭിച്ചിരുന്നു. 35 പുഷ് ബാക്ക് സീറ്റുകളും ഓരോ സീറ്റിനും സീറ്റ് ബെൽറ്റുകളും ഫൂട്ട്റെസ്റ്റുകളും മൊബൈൽ ചാർജിങ് പോർട്ടുകളും ബസിലുണ്ട്. എസി പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ വശങ്ങളിലെ ഗ്ലാസുകൾ നീക്കാനുള്ള സൗകര്യവുമുണ്ട്.