പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ പച്ചക്കറി വ്യാപാരി അനിൽ കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവമുണ്ടായത് ക്യാരറ്റ് എടുത്തതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ. പച്ചക്കറി വാങ്ങാനെത്തിയപ്പോൾ ക്യാരറ്റിന്റെ വിലയെച്ചൊല്ലി തർക്കമുണ്ടായി. പിന്നീട് ഇവർ ക്യാരറ്റെടുത്ത് കഴിച്ചു. ക്യാരറ്റിന് വില കൂടുതലാണെന്നും എടുത്ത് കഴിക്കരുതെന്നും കടയിലെ ജീവനക്കാരിയായ മഹാലക്ഷ്മി പറഞ്ഞു. ഇതാണ് മദ്യലഹരിയിലായിരുന്ന പ്രതികളെ പ്രകോപിപ്പിച്ചത്. ഇവർ തിരികെപോയി വടിവാളുമായി എത്തി മഹാലക്ഷ്മിയെ ആക്രമിക്കാനൊരുങ്ങി. ഇത് തടഞ്ഞ അനിൽകുമാറുമായി തർക്കമുണ്ടാകുകയും ഒടുവിൽ അനിൽകുമാറിനെ കടയിൽ നിന്ന് വലിച്ചിറക്കി വെട്ടുകയുമായിരുന്നു. പ്രതികൾ മറ്റ് നിരവധി കേസുകളിലും പ്രതികളാണ്. കരിംകുട്ടി സ്വദേശി ഇടത്തൻ എന്ന് വിളിക്കുന്ന പ്രദീപ് ഉൾപ്പെടെ രണ്ട് പേരെ റാന്നി പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രി പത്തുമണിയോടെ ആയിരുന്നു കൊലപാതകം. കടയിലെ ജീവനക്കാരിയായ മഹാലക്ഷ്മിക്കും അവരുടെ ഭർത്താവിനും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല. അനിൽകുമാർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. പ്രതികളെ അർധരാത്രിയോടെ തന്നെ പൊലീസ് പിടികൂടിയിരുന്നു.