ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ രക്ഷാപ്രവര്‍ത്തനത്തിനായി സാമ്പത്തിക സഹായം നല്‍കി മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. മമ്മൂട്ടിയുടെ 20 ലക്ഷവും ദുല്‍ഖറിന്‍റെ 15 ലക്ഷവും ചേര്‍ത്ത് 35 ലക്ഷം ഇവര്‍ മന്ത്രി പി രാജീവിന് കൈമാറി. എറണാകുളം ജില്ലാ ഭരണകൂടം കൊച്ചി കടവന്ത്ര റീജിയണല്‍ സ്പോര്‍ട്സ് സെന്‍ററില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ശേഖരിച്ച അവശ്യ വസ്തുക്കള്‍ ഇന്ന് വയനാട്ടിലേക്ക് അയച്ചിരുന്നു. മന്ത്രി രാജീവിനൊപ്പം മമ്മൂട്ടിയും ഇതിന് നേതൃത്വം നല്‍കാന്‍ എത്തിയിരുന്നു. ഇവിടെവച്ചാണ് മമ്മൂട്ടി 35 ലക്ഷത്തിന്‍റെ ചെക്ക് മന്ത്രി രാജീവിന് കൈമാറിയത്. കൂടുതല്‍ സഹായങ്ങള്‍ ഉണ്ടാവുമെന്നും അതിന്‍റെ ആദ്യ ഘട്ടമായാണ് ഈ തുകയെന്നും മമ്മൂട്ടി മന്ത്രിയെ അറിയിച്ചു. അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മറ്റ് ചലച്ചിത്ര താരങ്ങളും സംഭാവന നല്‍കിയിട്ടുണ്ട്. വയനാട് ഉരുൾപൊട്ടലിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകി തെന്നിന്ത്യൻ താരങ്ങൾ. സൂര്യ, ജ്യോതിക, കാർത്തി എന്നിവർ ചേർന്ന് 50 ലക്ഷം രൂപയും രശ്മിക മന്ദാന 10 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വിക്രം 20 ലക്ഷം രൂപ നൽകിയിരുന്നു. ഹൃദയം തകർന്നുപോകുന്നു എന്നാണ് സൂര്യ വയനാട്ടിലെ ദുരന്തത്തോട് പ്രതികരിച്ചത്. ഉരുൾപൊട്ടലിന്റെ ദുരിതം അനുഭവിക്കുന്നവർക്കായി പ്രാർത്ഥിക്കുന്നു. രക്ഷാപ്രവർത്തകർക്കൊപ്പംചേർന്ന് ദുരിതബാധിതരെ സഹായിക്കുന്ന ജനങ്ങളോടും സർക്കാർ ഏജൻസി അംഗങ്ങളോടും ബഹുമാനംമാത്രം എന്നാണ് സൂര്യ സോഷ്യൽ മീഡിയയിൽ കുറിച്ചത്.വാർത്ത കണ്ടപ്പോൾ ഹൃദയം നുറുങ്ങിപ്പോയെന്നാണ് രശ്മിക സോഷ്യൽ മീഡിയയിൽ കുറിച്ചത്. ദുരിതബാധിതരുടെ കുടുംബങ്ങൾക്കായി പ്രാർത്ഥിക്കുന്നുവെന്നും രശ്മിക എഴുതി. 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് താരം സംഭാവന ചെയ്തിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൂര്യയും ജ്യോതികയും കാർത്തിയും ചേർന്ന് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയെന്ന് ഇവരുടെ മാനേജേഴ്സ് ആണ് സ്ഥിരീകരിച്ചത്. വയനാട്ടിലെ ദുരിതബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായങ്ങള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് എത്തുകയാണ്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്ല്യാണരാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.