കേരളത്തില്‍ നവോത്ഥാന ആശയങ്ങളുടെ വിത്തുപാകിയവരില്‍ ശ്രീ നാരായണ ഗുരുവിന് സവിശേഷമായ സ്ഥാനമാണുള്ളത്. വിദ്യ കൊണ്ട് പ്രബുദ്ധരാകാന്‍ മലയാളിയെ ഉദ്‌ബോധിപ്പിച്ച ശ്രീനാരായണഗുരു കേരളത്തിന്റെ വിജ്ഞാന മണ്ഡലത്തിന്റെ നവോത്ഥാന സ്വഭാവത്തെ നിര്‍ണ്ണയിക്കുന്നതിലും പ്രധാനപങ്കു വഹിച്ചു. കേരളം സഞ്ചരിച്ച പുരോഗമന-നവോത്ഥാന ആശയങ്ങളുടെ വേരുകള്‍ അരുവിപ്പുറം പ്രതിഷ്ഠയിലേക്കെല്ലാം നീണ്ടെത്തുന്നുണ്ട്.
അയിത്തോച്ചാടനത്തിനെതിരെ രാജ്യത്ത് നടന്ന ആദ്യത്തെ സംഘടിത സമരമായിരുന്ന വൈക്കം സത്യാഗ്രഹത്തിലും നാരായണഗുരുവിന്റെ സാന്നിധ്യം ഊര്‍ജ്ജമായി ഉണ്ടായിരുന്നു. 1924 സെപ്തംബര്‍ 24 ന് ശ്രീനാരായണ ഗുരു വൈക്കം സത്യാഗ്രഹസ്ഥലം സന്ദര്‍ശിച്ച് സമരത്തോട് അനുഭാവം പ്രകടിപ്പിച്ചു. വൈക്കത്തെ ശ്രീ നാരായണ ഗുരുവിന്റെ വെല്ലൂര്‍ മഠം സത്യാഗ്രഹ ആശ്രമമാക്കി. ഈ നിലയില്‍ പുരോഗമന ആശയങ്ങളെ പ്രസരിപ്പിക്കാവുന്ന ഇടപെടലുകള്‍ ജീവിതത്തിലുടനീളം നടത്തിയ നവോത്ഥാന നായകനായിരുന്നു ശ്രീനാരാണഗുരു. സാമൂഹിക ഇടപെടലിലൂടെയും ജീവിത ദര്‍ശനങ്ങളിലൂടെയും ആത്മീയതയുടെയും തത്വചിന്തയുടെയും മൗലീകചിന്തകള്‍ കോറിയിട്ട ദര്‍ശനമാല, ആത്മോപദേശശതകം തുടങ്ങിയ സാഹിത്യകൃതികളിലൂടെയുമെല്ലാം ശ്രീനാരായണഗുരു വര്‍ത്തമാന കാലത്തും കേരളത്തിന്റെ നവോത്ഥാന ആശയങ്ങളുടെ ഏറ്റവും തിളക്കമുള്ള പാഠപുസ്തകമാണ്. ഇത്തരം ഇടപെടലുകളിലൂടെ ഗുരു കേരളീയ സമൂഹത്തിന് പകര്‍ന്ന് നല്‍കിയത് ജാതിരഹിതമായ ആത്മീയതയുടെയും ഉന്നതമായ സാഹോദര്യബോധത്തിന്റെയും മാനവികതയുടെയും മൂല്യവത്തായ ആശയങ്ങളാണ്.
രവീന്ദ്രനാഥ ടഗോര്‍, മഹാത്മാ ഗാന്ധി, ചട്ടമ്പിസ്വാമികള്‍, രമണ മഹര്‍ഷി, ഡോ. പല്‍പു, സഹോദരന്‍ അയ്യപ്പന്‍, കുമാരനാശാന്‍.. ജ്ഞാനം തേടിയുള്ള യാത്രയില്‍ ശ്രീനാരായണ ഗുരുവില്‍ മോക്ഷം തേടിയ മഹാത്മാകളുടെ നിര പോലും നീണ്ടതാണ്.
'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും
സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്'
1888ല്‍ അരുവിപ്പുറം പ്രതിഷ്ഠക്കൊപ്പം ഗുരു എഴുതിവച്ച വാക്കുകള്‍. ജാതിഭേദം എന്നുപ്രയോഗിച്ച ഗുരു മതഭേദം എന്നല്ല മതദ്വേഷം എന്നാണ് പ്രയോഗിച്ചത്. മനുഷ്യന്‍ ഒരൊറ്റ ജാതിയേ ഉള്ളൂ. മതങ്ങള്‍ വിവിധങ്ങളാണ്. മതത്തെയോ മതഭേദത്തെയോ ഗുരു നിരാകരിക്കുന്നില്ല. അവ തമ്മില്‍ ദ്വേഷം പാടില്ല. 135 വര്‍ഷങ്ങള്‍ക്കിപ്പുറവും ആ ദര്‍ശനത്തിന്റെ പ്രസക്തിയേറുന്നുവെന്നിടത്ത് ഗുരു കാലാതീതനാകുന്നു.മനുഷ്യനായിരുന്നു ഗുരുവിന്റെ ലോകം. അവനില്‍ അറിവും മനുഷ്യത്വവും ഉറപ്പിക്കാനായിരുന്നു ശ്രമം. അകലങ്ങള്‍ ഇല്ലാത്ത മാതൃകാലോക സൃഷ്ടിയായിരുന്നു ദര്‍ശനം. 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന ഗുരു ചിന്ത ഏറ്റവും പ്രസക്തമാകുന്ന ഒരു കാലത്താണ് ശ്രീനാരായണഗുരു ജയന്തി വീണ്ടും കടന്ന് വരുന്നത്. ഗുരു പ്രതിഷ്ഠിച്ച കണ്ണാടിയും കെടാവിളക്കും മനുഷ്യൻ്റെ ചിന്തയും ജ്ഞാനവും സങ്കുചിതമാകരുത്, വിശാലമായിരിക്കണം എന്നതിൻ്റെ കൂടി ഓർമ്മപ്പെടുത്തലാണ്. 'അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന് സുഖത്തിനായി വരേണം' എന്ന എക്കാലത്തും പ്രസക്തമായ ആശയപ്രപഞ്ചം സമ്മാനിച്ച മഹാനായിരുന്നു ശ്രീനാരായണഗുരു.