അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്ന സംഘത്തിൽപെട്ട യുവാവിനെ വിമാനത്താവളത്തില്‍നിന്ന് വീട്ടിലേക്കുള്ള യാത്രാമധ്യേ തട്ടികൊണ്ട് പോയ സംഭവത്തിൽ അഞ്ചംഗസംഘത്തെ വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.വള്ളക്കടവ് സ്വദേശികളായ ഹക്കിം, നിഷാദ്, ഷെഫീക്ക്, സെയ്ദ് അബ്ദുൽ സലാം, മാഹീൻ എന്നിവരാണ് പിടിയിലായത്. പ്രതികള്‍ക്ക് കള്ളക്കടത്ത്-ഹവാല സംഘവുമായി ബന്ധമുള്ളതായി പൊലീസ് പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തിനു സമീപത്തുനിന്ന് ഓട്ടോയിൽ സഞ്ചരിച്ച തിരുനെൽവേലി സ്വദേശി ഉമറിനെ തട്ടികൊണ്ട് പോയ കേസിലെ പ്രതികളാണ് ഇവർ.സ്വർണക്കടത്ത് സംഘാംഗമായ ഉമർ സിംഗപ്പൂരിൽനിന്ന് സ്വർണം കൊണ്ടുവരുന്ന ആളിനെ കാത്ത് വിമാനത്താവളത്തിനു പുറത്ത് നിൽക്കുകയായിരുന്നു. യാത്രക്കാരനില്‍നിന്ന് സ്വര്‍ണം വാങ്ങി മറ്റൊരു സംഘത്തെ ഏല്‍പ്പിക്കുക എന്നതായിരുന്നു ഉമറിന്റെ ദൗത്യം. എന്നാൽ യാത്രക്കാരനെ കസ്റ്റംസ് തടഞ്ഞുവച്ചതോടെ ശ്രമം പാളി. ഇതോടെ വിമാനത്താവളത്തിൽനിന്ന് ഉമർ തമ്പാനൂർ ബസ് സ്റ്റാന്റിലേക്ക് ഓട്ടോ വിളിച്ചു.എന്നാൽ ഉമറിന്റെ കൈവശം സ്വര്‍ണം ഉണ്ടെന്ന ധാരണയിലാണ് സംഘം ഇയാളെ തട്ടിക്കൊണ്ടുപോയത്.ഉമറിന്റെ കൈവശം സ്വര്‍ണമില്ലെന്ന് മനസ്സിലാക്കിയ പ്രതികള്‍ ഉമറിനെ ഓവര്‍ബ്രിഡ്ജിനുസമീപം വഴിയില്‍ ഉപേക്ഷിച്ചു കടന്ന് കളയുകയായിരുന്നു.