നടി രേവതി സമ്പത്തിനെതിരെ പരാതിയുമായി നടൻ സിദ്ദീഖ്. ആരോപണത്തിന് പിന്നിൽ അജണ്ടയുണ്ടെന്ന് കാട്ടി ഡിജിപിക്കാണ് പരാതി നൽകിയത്. രേവതി സമ്പത്ത് വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആരോപണം ഉന്നയിക്കുന്നു. ഒരു ഘട്ടത്തിൽ പോക്സോ കേസിൽ ഉൾപ്പെടുത്താൻ മാധ്യമങ്ങൾ വഴി മറ്റൊരു ആരോപണമുന്നയിച്ചു. രേവതിയുടെ സോഷ്യൽ മീഡിയയിൽ നിന്നുള്ള വിവരം അനുസരിച്ചാണെങ്കിൽ അവരുടെ ചൈനയിലെ പഠനം പകുതി വഴി ഉപേക്ഷിച്ചെത്തിയ കുട്ടിക്ക് തന്നെ കാണുമ്പോൾ പ്രായ പൂർത്തിയായിട്ടുണ്ട്. മാത്രമല്ല ചൈനയിൽ മെഡിസിന് പഠിക്കുമ്പോൾ സഹപാഠിയുടെ നഗ്ന ചിത്രമെട്ടുത്തുവെന്ന ആരോപണം ഒരു ഫാഷൻ ഷോ കോർഡിനേറ്റർ വഴി കേട്ടിട്ടുണ്ടെന്നും സിദ്ദീഖ് പരാതിയിൽ പറയുന്നു.
തന്റെയും ‘അമ്മ’യുടെയും പേര് കളങ്കപ്പെടുത്തലാണ് ലക്ഷ്യമെന്നും വ്യാജ പ്രചാരണത്തിന് വേണ്ടി ചിലർ രേവതി സമ്പത്തിനെ ഉപയോഗിച്ചെന്നും സിദ്ദിഖ് ആരോപിക്കുന്നു. ആരോപണമുന്നയിച്ച ശേഷം മാത്രമാണ് രേവതി സമ്പത്തിന് ശ്രദ്ധ ലഭിച്ചത്. മുൻ ആരോപണങ്ങൾക്ക് വിരുദ്ധമാണ് ഇപ്പോൾ ഉന്നയിച്ച ആരോപണങ്ങൾ . രേവതിയുടെ ആരോപണത്തിൽ ഡബ്ല്യു.സി.സി യും പ്രതികരിച്ചില്ലെന്നും മലയാള സിനിമാ മേഖലയ്‌ക്കെതിരെ നടക്കുന്നത് ക്രിമിനൽ ഗൂഢാലോചനയാണെന്നും സിദ്ദിഖ് ഡിജിപിക്ക് നൽകിയ കത്തിൽ പറയുന്നു.