തിരുവനന്തപുരം: 68ാം വയസില്‍ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയെഴുതാന്‍ ഇന്ദ്രന്‍സ് എത്തി. ക്യാമറകണ്ണുകള്‍ക്കു നടുവിലൂടെയാണ് അട്ടക്കുളങ്ങര സ്‌കൂളിലെ പരീക്ഷാ മുറിയിലേക്ക് ചെറുപരിഭ്രമത്തോടെ ഇന്ദ്രന്‍സ് കയറിയത്. ഉള്ളില്‍ കയറി നിറചിരിയോടെ ഒപ്പം പരീക്ഷ എഴുതാനെത്തിയ എല്ലാവരെയും നെഞ്ചില്‍ കൈചേര്‍ത്ത് തൊഴുത് 484309 എന്ന റോള്‍ നമ്പര്‍ എഴുതിയിട്ട ഡസ്‌കിനരികിലേക്ക്. ബെഞ്ചിലിരുന്ന് ഹാള്‍ടിക്കറ്റ് ഉയര്‍ത്തി മാധ്യമപ്രവര്‍ത്തകര്‍ക്കായി ചെറുചിരിയോടെ പോസ് ചെയ്തു.ഏഴാം ക്‌ളാസ് തുല്യതാ പരീക്ഷ എഴുതിയ നടന്റെ വിശേഷമാണ് ഇപ്പോൾ പുറത്തുവരുനന്ത്. തിരുവനന്തപുരം അട്ടക്കുളങ്ങര സ്കൂളിലാണ് ഇന്ദ്രൻസ് പരീക്ഷ എഴുതിയത്. നാലാം ക്‌ളാസിൽ പഠനം ഉപേക്ഷിച്ച ഇന്ദ്രൻസ്, തയ്യൽ തൊഴിലിലേക്ക് തിരിയുകയായിരുന്നു. അവിടെ നിന്നും സമ്പാദിച്ച പരിചയങ്ങൾ, സിനിമയിലുമെത്തിച്ചു.
പരീക്ഷയെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഭയമുണ്ടെന്നാണ് ഇന്ദ്രന്‍സ് മുന്‍പ് പ്രതികരിച്ചത്. രാവിലെ ഒന്‍പതരയോടെ ആരംഭിച്ച പരീക്ഷ വൈകിട്ട് നാലര വരെയാണ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളിലാണ് ഇന്ന് പരീക്ഷ. നാളെ സാമൂഹ്യശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളുടെ പരീക്ഷയും നടക്കും.