കൊച്ചുവേളി, നേമം റെയില്‍വെ സ്റ്റേഷനുകളുടെ പേര് മാറുന്നു

തിരുവനന്തപുരം: കൊച്ചുവേളി റെയില്‍വവെ സ്റ്റേഷന്‍ ഇനി മുതല്‍ തിരുവനന്തപുരം നോര്‍ത്ത് എന്നും നേമം തിരുവനന്തപുരം സൗത്ത് എന്നും അറിയപ്പെടും. രണ്ട് സ്റ്റേഷനുകളുടെയും പേര് മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത് സംസ്ഥാനത്തിന് ലഭിച്ചു. ഇതോടെ ഈ രണ്ട് സ്റ്റേഷനുകളെയും തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ സാറ്റലൈറ്റ് ടെര്‍മിനലുകള്‍ ആക്കാനുള്ള നടപടികള്‍ സജീവമാകും.കൊച്ചുവേളിയില്‍ നിന്നും സര്‍വ്വീസ് നടത്തുന്നതില്‍ ഏറെയും ദീര്‍ഘദൂര ട്രെയിനുകളാണ്. എന്നാല്‍ പേരിലെ അപരിചിതത്വം കാരണം തിരുവനന്തപുരം സെന്‍ട്രലിലേക്ക് റിസര്‍വേഷന്‍ ലഭിക്കാത്തവര്‍ യാത്ര ഒഴിവാക്കുന്ന സാഹചര്യമുണ്ട്. പേരുമാറ്റം വന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.


തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നും നേമത്തേക്കും കൊച്ചുവേളിയിലേക്കും 9 കിലോമീറ്റര്‍ വീതമാണുള്ളത്. പേരുമാറ്റത്തോടെ യാത്രക്കാരുടെ എണ്ണവും വരുമാനവും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സെന്‍ട്രലില്‍ നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിനുകളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പതിനഞ്ചോളം ട്രെയിനുകള്‍ നിലവില്‍ കൊച്ചുവേളിയില്‍ നിന്നാണ് സര്‍വീസ് തുടങ്ങുന്നത്. ദിവസം ഏഴായിരത്തോളം യാത്രക്കാര്‍ ഈ സ്റ്റേഷനെ ആശ്രയിക്കുന്നു എന്നാണ് കണക്ക്.