മുണ്ടക്കൈ ദുരന്തത്തിൽ കുത്തനെ ഉയർന്ന് മരണം- 338; കണ്ടെത്താനുള്ളത് 200ലേറെ പേരെ

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. 338 പേരാണ് ഇതുവരെ മരിച്ചത്. 205 മൃതദേഹങ്ങളും 133 പേരുടെ ശരീരഭാഗങ്ങളുമാണ് വിവിധയിടങ്ങളില്‍ നിന്ന് കണ്ടെത്തിയത്. 200ലേറെ പേരെയാണ് ഇനിയും കണ്ടെത്താനുള്ളതെന്നാണ് വിവരം. മരിച്ചവരില്‍ 27 കുട്ടികളും ഉള്‍പ്പെടുന്നു.

107 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 279 പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. ഇന്ന് രാവിലെ മുതല്‍ ആറ് ഭാഗങ്ങളായി തിരിഞ്ഞാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇന്നത്തെ മൃതദേഹങ്ങളില്‍ കൂടുതലും കിട്ടിയത് ചൂരല്‍മല സ്‌കൂള്‍ റോഡില്‍ നിന്നാണ്. രണ്ട് മൃതദേഹങ്ങളും വിവിധ ശരീരഭാഗങ്ങളും ചാലിയാറില്‍ നിന്നും കണ്ടെത്തുകയും ചെയ്തു.ഇതിനിടെ, പടവെട്ടിക്കുന്നില്‍ നാലുപേരെ രക്ഷപെടുത്തി. വിവിധ സേനകള്‍ക്കും സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം ആറ് കഡാവര്‍ നായകളും തിരിച്ചിലിനുണ്ട്. ഡോഗ് സ്‌ക്വാഡില്‍ നിന്നും ലഭിച്ച സിഗ്‌നലുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരിച്ചിലിലാണ് ഇന്ന് മൃതദേഹങ്ങള്‍ ലഭിച്ചത്. മറ്റിടങ്ങളിലും തിരച്ചില്‍ പുരോഗമിക്കുകയാണ്. അതേസമയം, ഒമ്പതു ക്യാമ്പുകളിലായി 2378 പേരാണ് കഴിയുന്നത്. 96 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 5000 പേരെയാണ് രക്ഷപെടുത്തിയത്.